പി.കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിനെ കൈവിട്ട് ഡി.വൈ.എഫ്.ഐ നേതൃത്വം. യുവതിയെ പിന്തുണച്ച നേതാവിനെ തരം താഴ്ത്തിയതിൽ അസ്വാഭാവികതയില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അതേസമയം നടപടി അപമാനിയ്ക്കുന്നതിന് തുല്യമാണെന്നും ഈ രീതിയിൽ ഡി.വൈ.എഫ്.ഐയിൽ തുടരാനാവില്ലെന്ന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട എം.ജിനേഷ് സി.പി.എം ജില്ലാ സെക്രട്ടറിയെ അറിയിച്ചു.
പി.കെ ശശിക്കെതിരെയുള്ള പരാതിയിൽ പിന്തുണച്ച നേതാവിനെ തരംതാഴ്ത്തിയതിലും അപകീർത്തിപ്പെടുത്തിയ നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കിയതിലും പ്രതിഷേധിച്ച് യുവതി ഇന്നലെയാണ് നേതൃസ്ഥാനങ്ങൾ രാജിവെച്ചത്. എന്നാൽ ഈ നടപടി പുനഃപരിശോധിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഡി.വൈ.എഫ്.ഐ നേതൃത്വം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ജിനേഷിനെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയതിൽ അസ്വാഭാവികതയില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.
ശശിക്കെതിരെ പരാതി നൽകിയതിന് ശേഷം മീറ്റിങ്ങുകൾ അറിയിക്കുന്നില്ലെന്ന യുവതിയുടെ ആരോപണം സംസ്ഥാന നേതൃത്വം ചർച്ച ചെയ്ത് പരിഹരിച്ചിരുന്നതായി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.എം ശശി പറഞ്ഞു. യുവതി നൽകിയ കത്ത് ജില്ലാ കമ്മറ്റി ചർച്ച ചെയ്യും. എന്നാൽ ഡി.വൈ.എഫ്.ഐ നിലപാടിൽ ജില്ലാ നേതൃത്വത്തിനുള്ളിൽ പ്രതിഷേധം ശക്തമാണ്. ഹാജരില്ലാത്തതിന്റെ പേരിലാണ് ജിനേഷിനെ തരംതാഴ്ത്തിയതെങ്കിൽ, ഹാജർ കുറവായിട്ടും പി.കെ ശശി അനുകൂലിയെ ജില്ലാ വൈസ് പ്രസിഡന്റാക്കിയത് എന്തിനാണെന്നാണ് ഒരു വിഭാഗം നേതാക്കൾ ചോദിക്കുന്നത്. അതേസമയം തരം താഴ്ത്തിയ നടപടി അപമാനിയ്ക്കുന്നതാണെന്നും ഈ രീതിയിൽ തുടരാനാവില്ലെന്നും കാണിച്ച് ജിനേഷ് സി.പി.എം ജില്ലാ നേതൃത്വത്തിന് കത്ത് നൽകി. രാജിയിൽ ഉറച്ചു നിൽക്കാനാണ് യുവതിയുടെ തീരുമാനം.