Kerala

ജെഡിഎസ്-എല്‍ജെഡി ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്; സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജെഡിഎസിന്

ജനതാദള്‍ എസ്- ലോക്താന്ത്രിക് ജനതാദള്‍ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്. എം പി വീരേന്ദ്രകുമാറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ലയനസമ്മേളനത്തിനായി നീക്കം നടക്കുന്നത്. ജെഡിഎസിനാകും സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിക്കുക. ജില്ലകളിലെ നേതൃപദവി ഇരു പാര്‍ട്ടികളുടേയും ശക്തി കണക്കാക്കി പിന്നീടാകും തീരുമാനിക്കുക.

എല്‍ജെഡി-ജെഡിഎസ് ലയനമെന്ന നിര്‍ദേശം ദീര്‍ഘകാലമായി സിപിഐഎം മുന്നോട്ടുവയ്ക്കുകയായിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ലയനം സാധ്യമായിരുന്നില്ല. ദേശീയ തലത്തില്‍ എല്‍ജെഡി ഇല്ലാതായതോടെ കേരളത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാനാകില്ല എന്ന ബോധ്യം എല്‍ജെഡിക്കുണ്ടായതാണ് നിര്‍ണായകമായത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യം എല്‍ജെഡി മുന്നോട്ടുവച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇവര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായതാണ് ലയനത്തിന് വഴിയൊരുക്കിയത്.

ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ നേതൃത്വത്തില്‍ എല്‍ജെഡി ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ലയിച്ച പശ്ചാത്തലത്തിലാണ് ലയനത്തിനായുള്ള ചര്‍ച്ചകള്‍ സജീവമായത്. ജെഡിഎസ് നേതാക്കള്‍ മുന്‍പ് തന്നെ ലയനത്തെ സ്വാഗതം ചെയ്തിരുന്നു. എല്‍ജെഡി വലിയ പ്രതിസന്ധിയിലൂടെ കടന്ന പോകുന്ന സാഹചര്യത്തിലാണ് ലയനം സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി കോഴിക്കോട്ട് അടിയന്തര യോഗം ടന്നത്. ദേശീയ അധ്യക്ഷന്‍ തന്നെ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ച സാഹചര്യത്തില്‍ ലയനം തന്നെയാണ് എല്‍ജെഡിക്ക് മുന്നിലുള്ള ഏക മാര്‍ഗമെന്ന നില വന്നിരുന്നു.