Kerala

ജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. വരുന്ന മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്സാ ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അതേസമയം ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിയിൽ കര തൊടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.വരും മണിക്കൂറുകളിൽ വടക്കൻ ആന്ധ്ര തീരങ്ങളിൽ മഴ ശക്തമാകും. ജവാദ് ദുർബലമായി തീവ്ര ന്യൂനമർദമായേ കര തൊടൂവെങ്കിലും ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ അറിയിച്ചത്. ശക്തമായ മഴയെ തുടർന്ന് ആന്ധ്ര-ഒഡീഷ തീരങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ആന്ധ്രയിൽ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ തീരത്തും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ഒഡീഷയിലെ പുരി ജില്ലയിൽ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയിൽവേ 122 ട്രെയിനുകൾ റദ്ദാക്കി.

ഒഡീഷയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നും ഗർഭിണികളെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ് ഒഡീഷ സർക്കാർ. ജവാദ് ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള ഗ്രാമങ്ങളിൽ നിന്നുമാണ് 400ലധികം ഗർഭിണികളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ജവാദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത് എത്താൻ സാധ്യതയുളളതിനാൽ മൂന്ന് ജില്ലകളിൽ നിന്നും 54,008 പേരെ മാറ്റിപ്പാർപ്പിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ടാണ് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ശ്രീകാകുളം ജില്ലയിൽ നിന്ന് 15,755 പേരെയും വിജയനഗരത്ത് നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയും രക്ഷാസംഘം ഒഴിപ്പിച്ചു. ശക്തമായ മഴ പ്രവചിക്കപ്പെട്ടതിനാൽ ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗ്മേഹൻ റെഡ്ഡി നിർദ്ദേശം നൽകി. ഈ മൂന്ന് ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.