Kerala

‘ഗവര്‍ണര്‍ പദവി പാഴ്, പരിമിതികള്‍ ആരിഫ് മുഹമ്മദ് ഖാന്‍ മനസിലാക്കുന്നില്ല’; രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം

ഓര്‍ഡിനന്‍സ് പുതുക്കലില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം. ഗവര്‍ണര്‍ പദവി പാഴാണെന്നും ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ജനയുഗം മുഖപ്രസംഗം വിമര്‍ശിക്കുന്നു. കേരളത്തില്‍ ബിജെപി പ്രതിനിധിയില്ലാത്തതിന്റെ പോരായ്മ ഗവര്‍ണര്‍ നികത്തുകയാണെന്നും സിപിഐ മുഖപത്രം ആക്ഷേപിച്ചു.

രാഷ്ട്രീയം കളിക്കുന്ന കേരള ഗവര്‍ണര്‍ എന്ന പേരിലാണ് ജനയുഗം ദിനപത്രത്തിന്റെ ഇന്നത്തെ മുഖപ്രസംഗം. രാജ്ഭവനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ വേദിയാക്കുകയാണെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധമായ നടപടികള്‍ക്കെതിരെ സംസ്ഥാനത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കില്ലെന്ന് ഗവര്‍ണര്‍ക്ക് വാശിയാണെന്നുള്‍പ്പെടെ സിപിഐ മുഖപത്രം വിമര്‍ശിക്കുന്നു.

സംഘപരിവാര്‍ തട്ടകത്തില്‍ നിന്നും ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണനിര്‍വഹണം പ്രതിസന്ധിയിലാക്കുന്നുവെന്ന് ഉള്‍പ്പെടെയാണ് സിപിഐ ആരോപിക്കുന്നത്.

ഭരണഘടനാപരമായ പദവിയാണെങ്കിലും ഗവര്‍ണര്‍ക്ക് ഒട്ടേറെ പരിമിതികളുണ്ടെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മനസിലാക്കുന്നില്ലെന്നും ജനയുഗം മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

അതേസമയം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യം ഇന്നുചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും.തുടര്‍ നടപടികളും ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട ശേഷമേ നിയമസഭ ചേരുന്നത് അടക്കമുള്ള ആലോചനകളിലേക്ക് സര്‍ക്കാര്‍ കടക്കൂ. വാട്ടര്‍ അതോറിറ്റിയിലെ ശമ്പള പരിഷ്‌കരണവും ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും.