Kerala

ഇന്നലെ നടന്നത് പ്രാഥമിക ചോദ്യം ചെയ്യല്‍: ജലീലിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കും

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണ് പൂര്‍ത്തിയായതെന്ന് ഇഡി അറിയിച്ചു. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം മന്ത്രി ജലീല്‍ അജ്ഞാതവാസത്തിലാണുള്ളത്‍. മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയിട്ടില്ല. മന്ത്രി വളാഞ്ചേരിയിലെ വീട്ടിലുണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിവരം.

കെ.ടി. ജലീലിന്റെ ഉത്തരങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലാതെയാണ് കഴിഞ്ഞ ദിവസം ഇ.ഡി. അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് സൂചനകള്‍. മന്ത്രിയുടെ ഉത്തരങ്ങളില്‍ വ്യക്തത വരുത്താനായി ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്.

മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് ഇന്നലത്തെ ചോദ്യം ചെയ്തതില്‍ ഇഡി ചോദിച്ചറിഞ്ഞത്. മന്ത്രിയുടെ ഉത്തരങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലാതെയാണ് അന്വേഷണസംഘം വിട്ടയച്ചത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ലഭിച്ച വിവരങ്ങളും മന്ത്രിയുടെ ഉത്തരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.