India Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്: എട്ട് സീറ്റുകള്‍ വേണമെന്ന് ബി.ഡി.ജെ.എസ്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ബി.ഡി.ജെ.എസ്. കൊച്ചിയില്‍ ചേർന്ന എന്‍.ഡി.എ യോഗത്തിലാണ് ബി.ഡി.ജെ.എസ് ആവശ്യം മുന്നോട്ട് വെച്ചത്. പി.സി തോമസിന്റെ കേരള കോൺഗ്രസ് ഒരു സീറ്റും ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വയനാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനതിട്ട, ആറ്റിങ്ങല്‍ എന്നീ സീറ്റുകളിലാണ് ബി.ഡി.ജെ.എസ് അവകാശവാദം ഉന്നയിച്ചത്. ഇത്രയും സീറ്റുകൾ വിട്ടുനൽകുക പ്രായോഗികമല്ലെന്നും കൂടുതൽ ചർച്ചയാകാമെന്നും ബി.ജെ.പി നേതൃത്വം യോഗത്തിൽ നിലപാടെടുത്തു. നാല് സീറ്റുകൾ വരെ ബി.ഡി.ജെ.എസിന് നൽകാൻ ബി.ജെ.പി തയ്യാറായേക്കും. പി.സി തോമസിന്റെ കേരള കോൺഗ്രസും ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം അല്ലെങ്കിൽ ഇടുക്കി സീറ്റ് നൽകണമെന്നാണ് പി.സി തോമസിന്റെ ആവശ്യം. ഘടകകക്ഷികൾക്കായി നാലിൽ ഒന്ന് സീറ്റുകൾ വിട്ട് നൽകാൻ ബി.ജെ.പി തയ്യാറായാൽ കേരള കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കപ്പെടും.

ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമായി ഉയർത്തി കാണിക്കും. ബി.ജെ.പി സംസ്ഥാന നേതാക്കൾക്ക് പുറമേ കെ.പി ശശികല, കെ.എസ് രാധാകൃഷ്ണൻ, ടി.പി സെൻകുമാർ എന്നിവരെയും മത്സര രംഗത്തിറക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ഫെബ്രുവരി പകുതിയോടെയെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കണമെന്ന് യോഗത്തിൽ ധാരണയായി. അതേസമയം വനിതാമതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസിന്റെ പ്രസ്താവനകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്‍.ഡി.എയില്‍ നിന്ന് വിട്ടുപോകുന്ന കക്ഷികളെ തിരികെ എത്തിക്കാന്‍ വേണ്ട നടപടികൾ ബി.ജെ.പി നേതൃത്വം കൈക്കൊള്ളണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.