Kerala

ശബ്ദരേഖ തന്റേതെന്ന് സ്വപ്ന; ശബ്ദം അട്ടക്കുളങ്ങര ജയിലിൽ നിന്നല്ലെന്ന് ജയിൽ ഡി.ഐ.ജി

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബദരേഖ ചോർന്നത് അട്ടക്കുളങ്ങര ജയിലില്‍ നിന്നല്ലെന്ന് ജയില്‍ ഡി.ഐ.ജി അജയകുമാർ. ശബ്ദരേഖയുടെ ആധികാരികത സൈബർ സെൽ പരിശോധിയ്ക്കുമെന്നും ഡി.ഐ.ജി പറഞ്ഞു. അതേസമയം പുറത്ത് വന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്നും എന്നാൽ എപ്പോൾ റെക്കോർഡ് ചെയ്തതാണെന്ന് അറിയില്ലെന്നും സ്വപ്ന ഡിഐജിക്ക് മൊഴി നൽകി.

സ്വപ്‌ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ജയില്‍ ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വപ്‌നയുടേതെന്ന പേരിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നതിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിഐജി അജയ്കുമാറിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം.

മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നു.