മഹാത്മാ അയ്യൻകാളി ഉയർത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ദീപശിഖ ഏന്തിയാണ് മുൻ മുഖ്യമന്ത്രി പഠിച്ച പുതുപ്പള്ളിയിലെ വിദ്യാലയത്തെയും ആധുനിക വിദ്യാലയമാക്കി ഇടതുപക്ഷ സർക്കാർ വികസിപ്പിച്ചതെന്ന് ജെയ്ക് സി തോമസ്.
ലോകമറിയുന്ന കേരളത്തിന്റെ നൂറ് നൂറ് മികവുകൾക്ക് അടികല്ല് പാകിയ മഹാത്മാ അയ്യൻകാളിക്ക് കേരളീയ യൗവ്വനത്തിന്റെ ബിഗ് സല്യൂട്ട്. അയ്യൻകാളി , അറിവിനെ ആയുധമാക്കുകയും സാമൂഹ്യ അനീതികളെ മറികടക്കുകയും ചെയ്തു എന്നാണ് ഫേസ്ബുക്കിൽ ജെയ്ക് പങ്കുവെച്ചത്.
ജെയ്ക് സി തോമസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് മഹാത്മാ അയ്യൻകാളിയുടെ നൂറ്റിയറുപതാം ജന്മദിനം. അറിവിനെ ആയുധമാക്കി സാമൂഹ്യ അനീതികളെ മറികടക്കുകയും ഇന്ത്യൻ നവോത്ഥാനത്തിന്റെ ദീപ്ത ലക്ഷ്യങ്ങൾക്ക് ചരിത്ര മുദ്ര നൽകുകയും ചെയ്ത സമര ജ്വാലയാണ് മഹാത്മാ അയ്യൻകാളി. പാടത്തും ചേറിലും പണിയെടുത്ത് നാടിന് അന്നം നൽകുന്നവർക്ക് അറിവ് നിഷേധിച്ചാൽ അറിവ് നിഷേധിക്കുന്നവർക്ക് അവരുടെ അന്നമാണ് നിഷേധിക്കപ്പെടുകയെന്ന തിരിച്ചടിയാണ് ജാതി വ്യവസ്ഥയോട് ഒരിക്കലും സമരസപ്പെടാത്ത അയ്യൻകാളി എന്ന സമരനായകൻ പകർന്നു നൽകിയത്.
അഞ്ചു വയസ്സുകാരി പഞ്ചമിയുടെ കൈപിടിച്ച് എല്ലാ കുട്ടികളും പഠിക്കുന്ന സ്‌കൂളിൽ തന്നെ പഞ്ചമിയും പഠിക്കുമെന്ന് പ്രഖ്യാപിച്ച അയ്യൻകാളിയുടെ ശാഠ്യം അതിന്റെ പൂർണതയിലേക്ക് നയിക്കപ്പെട്ടത് ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടെയാണ്. മഹാത്മാ അയ്യൻകാളി ഉയർത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ദീപശിഖ ഏന്തിയാണ് മുൻ മുഖ്യമന്ത്രി പഠിച്ച പുതുപ്പള്ളിയിലെ വിദ്യാലയത്തെയും ആധുനിക വിദ്യാലയമാക്കി ഇടതുപക്ഷ സർക്കാർ വികസിപ്പിച്ചത്. ലോകമറിയുന്ന കേരളത്തിന്റെ നൂറ് നൂറ് മികവുകൾക്ക് അടികല്ല് പാകിയ മഹാത്മാ അയ്യൻകാളിക്ക് കേരളീയ യൗവ്വനത്തിന്റെ ബിഗ് സല്യൂട്ട്