യാക്കോബായ സഭയുടെ നിര്‍ണായക സിനഡ് യോഗം ഇന്ന് കൊച്ചി, പുത്തന്‍ കുരിശ് പാത്രിയാക്കീസ് സെന്ററില്‍ ചേരും. മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്തേക്ക് ശ്രേഷ്ഠ കത്തോലിക ബാവക്ക് പകരക്കാരനെ കണ്ടെത്തുകയാണ് സിനഡിന്റെ പ്രധാന അജണ്ട. സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം പാത്രീയാക്കീസ് ബാവയുടെ അധ്യക്ഷതയിലാണ് പ്രത്യേക സിനഡ് ചേരുന്നത്.
സഭാ ഭരണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പാത്രീയാക്കീസ് ബാവയുടെ അധ്യക്ഷതയില്‍ സിനഡ് ചേരുന്നത്. അല്‍മായ ട്രസ്റ്റിമാരും വൈദികരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അല്‍മായ ട്രസ്റ്റി സ്ഥാനം രാജിവെച്ചിരുന്നു. ശ്രേഷ്ഠ കാതോലിക്ക പദവി ഒഴിയാനുള്ള താത്പര്യവും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സിനഡ് യോഗം വരെ കതോലിക്കാബാവ സ്ഥാനത്ത് തുടരാനായിരുന്നു അദ്ദേഹത്തിന് സഭ നല്‍കിയിരുന്ന നിര്‍ദേശം.
വൈദിക ട്രസ്റ്റിമാര്‍ തന്നെ അധിക്ഷേപിക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതായി നേരത്തെ ശ്രേഷ്ഠ കതോലിക്ക ബാവ പാക്രീയര്‍ക്കീസിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പാത്രീയാര്‍ക്കീസ് ബാവയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി കോതോലിക്ക ബാവ ഭരണ സമിതി വിളിച്ചു ചേര്‍ത്തുവെന്നും സഭയെ മോശമാക്കുന്ന നീക്കങ്ങള്‍ നടന്നിരുന്നതായുമാണ് മറുപക്ഷത്തിന്റെ ആരോപണങ്ങള്‍.
മൂന്ന് മുതിര്‍ന്ന മെത്രാപൊലീത്തമാര്‍ ചേര്‍ന്നാണ് നിലവില്‍ മെത്രാപൊലീത്തന്‍ ട്രസ്റ്റിയുടെ ചുമതലകള്‍ വഹിക്കുന്നത്. അതുകൊണ്ട് തന്നെ പാത്രിയാക്കീസ് ബാവയുടെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാമെന്നും ഐക്യഖണ്ഡേന പുതിയ മെത്രാപൊലീത്തന്‍ ട്രസ്റ്റിയെ തെരഞ്ഞെടുക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് സഭാ നേതൃത്വം.