സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ തരം താഴ്ത്താൻ സർക്കാർ നടപടി ആരംഭിച്ചു. ചട്ട ലംഘനം നടത്തി എന്ന് കാണിച്ച് ആൾ ഇന്ത്യാ സർവീസ് റൂൾ പ്രകാരം എ.ഡി.ജി.പിയായി തരം താഴ്ത്താനാണ് സർക്കാർ ശിപാർശ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര പേഴ്ണൽ മന്ത്രാലയമാണ്. അതേസമയം സ്രാവുകൾക്കൊപ്പം നീന്തുന്നത് സുഖകരമല്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ് പ്രതികരിച്ചു
തുടർച്ചയായി സർവീസ് ചട്ടങ്ങൾ ലംഘിക്കുന്നു, കേസുകളിൽ പെടുന്നു എന്നിവ ചൂണ്ടിക്കാട്ടി ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കുന്നത്. ആൾ ഇന്ത്യ സർവീസ് റൂൾ പ്രകാരം ചട്ടലംഘനത്തിന് ജേക്കബ് തോമസിനെതിരെ നടപടി എടുക്കാൻ സർക്കാരിന് ശിപാർശ ചെയ്യാം. ഇത് പ്രകാരം അദ്ദേഹത്തെ എ.ഡി.ജി.പിയായി തരംതാഴ്ത്താനാണ് സർക്കാർ തീരുമാനം. ഇതിനായി ജേക്കബ് തോമസിനോട് സർക്കാർ വിശദീകരണം ചോദിക്കും. ശേഷം കേന്ദ്ര പേഴ്ണൽ മന്ത്രാലയമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എന്നാൽ തരംതാഴ്ത്തലല്ല തരം തിരിക്കലാണ് സർക്കാർ നടത്തുന്നതെന്ന് ഡിജിപി ജേക്കബ് തോമസ് പറഞ്ഞു.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായി പ്രവർത്തിക്കുന്ന അദ്ദേഹം ഈ മെയ് 31 ന് വിരമിക്കും. 2017 മുതലാണ് സർക്കാരിന് ജേക്കബ് തോമസ് അനഭിമതനാകുന്നത്. വിജിലൻസ് ഡയറക്ടറായിരിക്കെ അഴിമതി പരാതിയിൽ രണ്ട് മന്ത്രിമാർക്കെതിരെ അദ്ദേഹം ക്യുക്ക് വേരിഫിക്കേഷന് ഉത്തരവിട്ടിരുന്നു. പിന്നീട് ഓഖി ദുരന്തത്തിന്റെ പേരിൽ സർക്കാരിനെ വിമർശിച്ചതിന് അദ്ദേഹം സസ്പെൻഷനിലായി. സർവീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതി, ഡ്രെഡ്ജർ വാങ്ങിയതിൽ അഴിമതി കാട്ടി, ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു എന്നീ ആരോപണങ്ങളിൽ മൂന്ന് എഫ് ഐ ആർ അദ്ദേഹത്തിനെതിരെ നിലവിലുണ്ട്. ഇവ ചൂണ്ടിക്കാട്ടി സർക്കാർ ജേക്കബ് തോമസിനെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.