സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് ഉത്തരവ്. കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തുടര്‍ച്ചയായുള്ള സസ്പെന്ഷന് നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു.
തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സംസ്പെന്‍ഷനിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സര്‍വീസില്‍ നിന്നും സ്വയം വിരമിക്കാന്‍ ജേക്കബ് തോമസ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ചട്ടങ്ങള്‍ പാലിച്ചല്ല അപേക്ഷ നല്‍കിയതെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ തള്ളുകയായിരുന്നു.
തുടര്‍ന്ന് ജേക്കബ് തോമസ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ഓഖി, പ്രളയം എന്നീ സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന പരസ്യമായി വിമര്‍ശിച്ചു അനുവാദമില്ലാതെ സര്‍വീസ് സ്റ്റോറിയെഴുതി ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ടു തുടങ്ങിയ ഗുരുതര ചട്ടലംഘനങ്ങള്‍ നടത്തിയെന്നാണ് ജേക്കബ് ജോര്‍ജിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഡ്രെഡ്ജര്‍ വാങ്ങിയ ഇടപാടില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന് കാണിച്ച് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് നടക്കുന്നതിനിടെയാണ് സര്‍വീസില്‍ തിരിച്ചെടുക്കാത്തത് നിയമവിരുദ്ധമാണെന്ന് കാണിച്ച് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ ജേക്കബ് തോമസ് സമീപിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാനാകും.