പൊലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങാൻ മുഖ്യമന്ത്രിക്ക് ഒരു ധൈര്യക്കുറവുമില്ല എന്ന് മന്ത്രി ജെ. ചിഞ്ചുറാണി 24 നോട്. മുഖ്യമന്ത്രിയെ ആരും തൊടില്ല. മാത്യു കുഴൽനാടൻ്റെ പ്രസ്താവന ഒക്കെ കയ്യിൽ വച്ചാൽ മതി എന്നും മന്ത്രി പ്രതികരിച്ചു. പൊലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങി നടക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ചോദ്യം. അങ്ങനെ നടന്നാൽ പൊതുജനം കൈവെക്കുമെന്നും കുഴൽനാടൻ പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
പ്രതിപക്ഷം പൊലീസിനെ ആക്രമിക്കാൻ ലക്ഷ്യം വയ്ക്കുന്നു. പിന്നാലെ എല്ലാം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ്. മുട്ടയ്ക്കകത്ത് മുളകുപൊടി നിറച്ച് പൊലീസിനെ എറിയുന്നു. പൊലീസും മനുഷ്യരല്ലേ? എന്തിനിങ്ങനെ ചെയ്യുന്നു എന്നും ചിഞ്ചുറാണി ചോദിച്ചു.
KSU വിന്റെ DGP ഓഫീസ് മാർച്ചിലാണ് പൊലിസിന് നേരെയാണ് മുളക് പൊടി പ്രയോഗവും ചീമുട്ടയേറും ഗോലിയേറുമുണ്ടായത്. പൊലിസിന് നേരെ പ്രവർത്തകർ ബിയർ കുപ്പി വലിച്ചെറിഞ്ഞു. കല്ലേറും ഉണ്ടായി. ഇതിനെ തുടർന്ന് പൊലിസ് ലാത്തിവീശി. പൊലിസിനെ എറിയാൻ KSU ക്കാർ കൊണ്ടുവന്ന ഗോലികൾ പൊലിസ് പിടിച്ചെടുത്തു. ആൽത്തറ CITU ചുമട് തൊഴിലാളികളുടെ ഷെഡിൽ കയറി KSU ക്കാർ അതിക്രമം കിട്ടി.
പരീക്ഷക്കായി വിദ്യാർഥികളുമായി പോയ സ്കൂൾവാഹനങ്ങൾ KSU സമരത്തെ തുടർന്ന് വഴിയിൽ കുടുങ്ങി. തുടർന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിരവധി കെ.എസ്.യു പ്രവർത്തകർക്ക് പരുക്കേറ്റു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊലീസ് നടപടിയിൽ മാത്യു കുഴൽനാടൻ എംഎൽഎക്കും കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനും ഉൾപ്പെടെ പരുക്കേറ്റു.
പ്രകോപനമൊന്നുമില്ലാതെയാണ് പൊലീസ് ലാത്തിചാർജ് ആരംഭിച്ചതെന്ന് കെഎസ് യു പ്രവർത്തകർ ആരോപിച്ചു. ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറിയതെന്നും പ്രവർത്തകർ ആരോപിച്ചു. ഇതിനു പിന്നാലെ മാധ്യമങ്ങളോടാണ് പ്രതികരിക്കുന്നതിനിടെയാണ് മാത്യു കുഴൽനാടൻ വെല്ലുവിളി നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത് കൊട്ടേഷൻ സംഘമാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. ഗവർണർ പോയതുപോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങിനടക്കാൻ കഴിയുമോയെന്നും കുഴൽനാടൻ വെല്ലുവിളിച്ചു.