വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് അധിക സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലീംലീഗ് നേതൃതലത്തില്‍ ധാരണ. വയനാട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സീറ്റുകളാണ് കൂടുതലായി ആവശ്യപ്പെടുക. ഇതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിക്കഴിഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിലുണ്ടായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ഏഴ് സീറ്റുകളിലാണ് മത്സരിച്ചത്. അവര്‍ എല്‍.ഡി.എഫിലേക്ക് പോയ സാഹചര്യത്തില്‍ ഏഴില്‍ അഞ്ച് സീറ്റും ചോദിക്കാനാണ് ലീഗില്‍ ഉണ്ടായിരിക്കുന്ന ധാരണ. വയനാട്ടിലെ കല്‍പ്പറ്റയും കോഴിക്കോട്ടെ നാദാപുരവും, കുന്ദമംഗലവുമാണ് വടക്കന്‍ കേരളത്തില്‍ ചോദിക്കുക. കോട്ടയത്തെ പൂഞ്ഞാറും, ആലപ്പുഴയിലെ അമ്പലപ്പുഴ സീറ്റുകളും വേണമെന്ന് ആവശ്യപ്പെടും. രണ്ട് മണ്ഡലത്തിലും വിജയസാധ്യതയുണ്ടന്നാണ് ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട്.
നിലവില്‍ മത്സരിക്കുന്ന കൊല്ലത്തെ പുനലൂര്‍ തിരികെ നല്‍കി കരുനാഗപ്പള്ളി സീറ്റ് വേണമെന്ന ആവിശ്യവും ഉന്നയിക്കും. തെരഞ്ഞെടുപ്പിന് ഒന്നരവര്‍ഷത്തിലധികമുണ്ടങ്കിലും ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയാലേ ആവിശ്യങ്ങള്‍ അംഗീകരിപ്പിച്ചെടുക്കാന്‍ കഴിയൂവെന്നാണ് നേതൃത്വത്തിന്റെ നിഗമനം.