Kerala

ഇബ്രാഹിംകുഞ്ഞും കമറുദ്ദീനും ഇല്ല; മുസ്‌ലിം ലീഗിന്റെ സാധ്യതാ പട്ടിക ഇങ്ങനെ

സിറ്റിങ് എം.എൽ.എമാരെ മാറ്റി നിർത്തി മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥി സാധ്യതാ പട്ടിക. മുതിർന്ന നേതാക്കൾക്കൊപ്പം, പുതുമുഖങ്ങൾക്ക് കൂടി അവസരം നൽകുന്നതാണ് ലീഗിൻ്റെ സ്ഥാനാർഥി പട്ടിക. മലപ്പുറം,വേങ്ങര, മഞ്ചേരി എന്നീ മണ്ഡലങ്ങളിലേതുള്‍പ്പെടെ ആറോളം സിറ്റിങ് എം.എല്‍.എമാര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് സാധ്യതാ പട്ടികയില്‍ നിന്ന് മനസിലാകുന്നത്. പാലാരിവട്ടം പാലം അഴിമതിക്കുരുക്കില്‍പ്പെട്ട വി.കെ ഇബ്രാഹിംകുഞ്ഞിന്റെയും നിക്ഷേപതട്ടിപ്പ് കേസില്‍ അകപ്പെട്ട എം.സി കമറുദ്ദീന്റെയും പേരുകളില്ല എന്നതാണ് ശ്രദ്ധേയം.

ചില മണ്ഡലങ്ങളില്‍ ഒന്നിലേറെ പേരുകളുണ്ട്. പി.വി അബ്ദുല്‍ വഹാബിന് മഞ്ചേരി സീറ്റ് നല്‍കാനാണ് ആലോചന. കെ.എം ഷാജിയെ കാസർകോട്ട് സിറ്റിങ് എം.എൽ.എ, എൻ.എ നെല്ലിക്കുന്നിനൊപ്പം പരിഗണിക്കുന്നു. ലോക്‌സഭാംഗത്വം രാജിവെച്ചെത്തുന്ന കുഞ്ഞാലിക്കുട്ടിയുടെ പേരാണ് വേങ്ങരയില്‍. വള്ളിക്കുന്നില്‍ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഏറനാട്ടില്‍ പി.കെ ബഷീര്‍, കൊണ്ടോട്ടിയില്‍ ടിവി ഇബ്രാഹിം എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കിയേക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.