Kerala

രാത്രി സമരത്തിന് വനിതകള്‍ വേണ്ട ; വനിതാ ലീഗിന് ലീഗിന്‍റെ വിലക്ക്

രാത്രികാലങ്ങളില്‍ നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കുന്നതിന് വനിതാ ലീഗിന് വിലക്ക്. വൈകിട്ട് ആറ് മണിക്ക് ശേഷം നടക്കുന്ന ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇക്കാര്യം വിശദീകരിച്ചു കൊണ്ട് വനിതാ ലീഗ് നേതാക്കളുടെ വാട്സ് അപ് ഗ്രൂപ്പില്‍ ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദ് പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശം പുറത്ത് വന്നു.

ബംഗ്ലുരുവില്‍ നടന്ന ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് വനിതകള്‍ രാത്രി കാലങ്ങളില്‍ നടക്കുന്ന ഷെഹീന്‍ ബാഗ് മോഡല്‍ സമരങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശമുണ്ടായത്. ഇക്കാര്യം അറിയിക്കാന്‍ ലീഗ് നേതൃത്വം നൂര്‍ബീന റഷീദിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ വനിതാ ലീഗ് നേതാക്കളുടെ ഗ്രൂപ്പില്‍ നൂര്‍ബീന റഷീദ് ഇക്കാര്യം അറിയിക്കുകയും ചെയ്തു.

പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു രാത്രികാല സമരം വിലക്കിയ വിവരം വാട്സ് അപ് ഗ്രൂപ്പില്‍ നൂര്‍ബീന റഷീദ് പങ്ക് വെച്ചത്. യൂത്ത് ലീഗ് കടപ്പുറത്ത് നടത്തുന്ന ഷെഹീന്‍ ബാഗ് മോഡല്‍ സമരത്തിലടക്കം വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിദ്യം ഉണ്ടായിരുന്നു. ഇതിനിടെയാണ് സ്ത്രീകള്‍ വൈകിട്ടുള്ള സമരങ്ങളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം. പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ ഈ നയം ഉണ്ടെന്ന വാദവും വനിതാ ലീഗ് നേതൃത്വം ഇപ്പോള്‍‌ മുന്നോട്ട് വെയ്ക്കുന്നുണ്ട്.