കോന്നി > കോന്നിയുടെ വിധിയെഴുത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം സമഗ്രതയോടെ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എല്‍ഡിഎഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമുള്ള ചുരുങ്ങിയ നാളുകള്‍കൊണ്ട് മണ്ഡലമാകെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നെഞ്ചേറ്റി.
കനത്ത മഴയത്തും തിങ്ങിനിറഞ്ഞ സദസോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് ചേര്‍ന്ന മണ്ഡലം കണ്‍വന്‍ഷനാണ് തുടക്കം ആവേശകരമാക്കിയത്. തൊട്ടടുത്ത മൂന്ന് ദിവസംകൊണ്ട് മണ്ഡലത്തിലെ മുഴുവന്‍ മേഖല കണ്‍വന്‍ഷനും ചേര്‍ന്നു. 11 പഞ്ചായത്തുകളില്‍ 25 മേഖല കമ്മിറ്റികള്‍ രൂപീകരിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തനം വിപുലീകരിച്ചിരിക്കുന്നത്. 212 ബൂത്തുകളിലും കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു.
ഇപ്പോള്‍ കുടുംബയോഗങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. മന്ത്രിമാരുടെയും എല്‍ഡിഎഫ് സംസ്ഥാന- ജില്ലാ നേതാക്കളുടെയും നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടക്കുന്നുണ്ട്. നേതാക്കള്‍ വീടുകയറി സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വിശദീകരിക്കുകയാണ്. സ്ഥാനാര്‍ഥി അഡ്വ. കെ യു ജനീഷ്‌കുമാറിന്റെ വിജയം അഭ്യര്‍ഥിച്ച് വോട്ട് തേടുകയാണ്. യുവജന- വിദ്യാര്‍ഥി വിഭാഗം പ്രത്യേക പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. മറ്റ് വര്‍ഗ- ബഹുജന സംഘടനകളുടെ കണ്‍വന്‍ഷനുകളും ചേര്‍ന്ന് പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു.
സ്ഥാനാര്‍ഥി, പരമാവധി സമയമെടുത്ത് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെത്തി വോട്ടര്‍മാരെ കാണുന്നുണ്ട്. ചെന്നിടങ്ങളിലെല്ലാം ഊഷ്മള വരവേല്‍പ്പ്. മണ്ഡലത്തിന്റെ സ്വന്തം സ്ഥാനാര്‍ഥിയെന്ന പ്രത്യേകതയും യുവത്വത്തില്‍ നാട് കാണുന്ന പ്രതീക്ഷയും ജനീഷ്‌കുമാറിന്റെ വിജയം അനിവാര്യമാണെന്ന് ജനം പറയുന്നു. മണ്ഡലത്തിലെ വികസന മുരടിപ്പും വിലയിരുത്തുന്നുണ്ട്.