Kerala

ആനക്കള്ളക്കടത്തിന് പിന്നില്‍ വന്‍ മാഫിയെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ആനക്കള്ളക്കടത്തിന് പിന്നിൽ വൻ മാഫിയയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റ് റിപ്പോർട്ട്. കേസിലെ പ്രതികൾക്ക് ആനക്കൊമ്പ് കടത്തിലും പങ്കുണ്ട്. അന്വേഷണം നിർത്തിവെച്ച ഉത്തരവ് പിൻവലിക്കണമെന്നും, ഇല്ലെങ്കിൽ പ്രതികൾക്ക് സഹായകമാകുമെന്നും വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ആനക്കളളക്കടത്തിലെ അന്വേഷണം വനം മന്ത്രി ഇടപെട്ട് അട്ടിമറിച്ചതിന്‍റെ വാർത്ത മീഡിയവണ്‍ ആണ് പുറത്ത് കൊണ്ടുവന്നത്.

ആനക്കള്ളക്കടത്ത് കേസിൽ അന്വേഷണം നിർത്തിവെയ്ക്കാൻ നിർദേശിച്ച ശേഷം വനം മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ റിപ്പോർട്ട് നൽകിയത്. അന്വേഷണം നിർത്തിവെച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ടിൽ ആനക്കള്ളക്കടത്തിലെ പ്രതികളായ ഷാജി, പ്രശാന്ത് എന്നിവർക്ക് പിന്നിൽ വൻ മാഫിയയെന്ന് ചീഫ് വൈൽഡ്ലൈഫ് വാർഡൻ വെളിപ്പെടുത്തിയിട്ടുണ്ട്. നിയമത്തെ വെല്ലുവിളിച്ച് പ്രതികൾ വർഷങ്ങളായി പുറത്ത് നിന്ന് ആനകളെ കൊണ്ടുവരികയും കൈമാറ്റം നടത്തുകയും ചെയ്യുന്നു. വ്യാജ രേഖകളും ചമയ്ക്കുന്നു.

പ്രതികൾക്ക് ആനക്കൊമ്പ് കടത്തിലും പങ്കുള്ളതായി വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം നിർത്തിവെയ്ക്കുന്നത് പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമാകും. വനം വകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിയും വെല്ലുവിളിയും നേരിട്ടാണ് കേസിൽ അന്വേഷണം നടത്തുന്നത്. അന്വേഷണം നിർത്തിവെക്കാൻ ആന ഉടമകൾ ഉന്നയിച്ച വാദങ്ങൾ അടിസ്ഥാന രഹിതമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് വനം മന്ത്രി കെ. രാജു തന്നെ അട്ടിമറിച്ചതിന്‍റെ തെളിവുകൾ മീഡിവൺ നേരത്തെ പുറത്ത് വിട്ടിരുന്നു. ആനക്കടത്ത് സംഘത്തിനെതിരെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ തന്നെ നിലപാടെടുത്ത പശ്ചാത്തലത്തിൽ അന്വേഷണം തുടരുമോ ഇല്ലയോ എന്നതിൽ മന്ത്രിയുടെ തീരുമാനം നിർണായകമാകും.