Kerala

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം ദീര്‍ഘിപ്പിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യത്തിന്റെ സമയപരിധി ഒഴിവാക്കി. സമയപരിധി നിശ്ചയിച്ചതിനെതിരെ സിബി മാത്യൂസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ 60 ദിവസത്തെ മുന്‍കൂര്‍ ജാമ്യമാണ് സിബിഐ കോടതി അനുവദിച്ചത്.

ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുന്‍ ഡിജിപിയായിരുന്ന സിബി മാത്യൂസ്. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിക്കുന്ന സമയത്ത് പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു സിബി മാത്യൂസ്.

തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്നും സിബി മാത്യൂസ് ആരോപിച്ചിരുന്നു. ചില ശാസ്ത്രജ്ഞന്‍മാര്‍, പൊലീസിലെ വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതിനു പിന്നിലുണ്ട്, ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തില്‍ സര്‍ക്കാരുകള്‍ കൈയ്യും കെട്ടി നില്‍ക്കുന്നത് ശരിയല്ലെന്നുമായിരുന്നു സിബി മാത്യൂസിന്റെ വാദങ്ങള്‍. മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചതിനെതിരെ സിബിഐയുടെ വിശദീകരണം നേരത്തെ ഹൈക്കോടതി തേടിയിരുന്നു.