ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ നിലപാടറിയിച്ചിരുന്നു.
പ്രതികള്‍ സ്വാധീനമുള്ളവരാണ്. കൂടാതെ നമ്പി നാരായണനടക്കമുള്ളവരെ പ്രതികള്‍ നിയമവിരുദ്ധമായ രീതിയില്‍ കൈകാര്യം ചെയ്തിരുന്നതായും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് സിബിഐയുടെ നിലപാട്.
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയന്‍, തമ്പി എസ് ദുര്‍ഗ്ഗാ ദത്ത്, ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് സിബിഐ കെട്ടിച്ചമച്ചതെന്നാണ് പ്രതികളുടെ വാദം.