തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളുണ്ടായി. വിഴിഞ്ഞത്ത് എല്‍ഡിഎഫ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നു. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐയും കോണ്‍ഗ്രസുമാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. തിരുവനന്തപുരത്ത് ചാലയിലും, നെടുമങ്ങാടും, കാട്ടാക്കടയിലും,പത്തനംതിട്ടയില്‍ പഴകുളത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യഘട്ട വോട്ടെടുപ്പില്‍ തലസ്ഥാന ജില്ലയിലടക്കം ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഴിഞ്ഞത്ത് ഉച്ചയ്ക്ക് 3 മണിക്ക് സി.പി.എം എസ് .ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വൈകുന്നേരത്തോടെ ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. എല്‍.ഡി.എഫ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു. 10 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐയും കോണ്‍ഗ്രസുമാണെന്ന് സി.പി.എം ആരോപിച്ചു.
കാട്ടാക്കടയില്‍ കോണ്‍ഗ്രസ് ഏജന്‍റായ ശര്‍മത് ലാലിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നു. ശര്‍മത്ത് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ബൂത്തിന് പുറത്ത് നില്‍ക്കുന്നത് സി.പി.എം ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലും മര്‍ദ്ദനത്തിലും കലാശിച്ചത്. ചാല ഗേള്‍സ് സ്കൂളിലെ ബൂത്തിന് മുന്നില്‍ സി.പി.എം-ബിജെപി തര്‍ക്കമുണ്ടായി. കള്ള വോട്ട് ചെയ്തെന്ന പരാതിയുമായി ബിജെപി മുന്‍ കൌണ്‍സിലര്‍ എസ്.കെ.പി രമേശ് ബൂത്തിനകത്ത് കയറിയതാണ് തര്‍ക്കത്തിനിടയാക്കിയത്.
നെടുമങ്ങാട് ബ്ലോക്ക് ഓഫീസ് പോളിംഗ്സ്റ്റേഷന് മുന്നില്‍ വാഹനങ്ങളില്‍ വോട്ടര്‍മാരെ എത്തിക്കുന്നതിനെ ചൊല്ലിയും ബി.ജെ.പി-സിപിഎം ഏറ്റുമുട്ടലുണ്ടായി. പത്തനംതിട്ട പഴകുളം വാര്‍ഡിലെ 7ാം ബൂത്തിലും രാവിലെ മുതല്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.