India Kerala

പേമാരിയില്‍ ഇത്തവണയും കലിതുള്ളി ഇരുവഴിഞ്ഞി

കുത്തിയൊലിച്ചെത്തിയ പേമാരി ഇത്തവണയും കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിലെ തൂക്കു പാലങ്ങളെ തകര്‍ത്തറിഞ്ഞു. പുതിയോട്ടിൽ കടവ്, തൃക്കുടമണ്ണ തൂക്കുപാലങ്ങളെയാണ് പെരുമഴ വെള്ളപാച്ചിലില്‍ തകര്‍ന്നത്.

ഉരുള്‍പൊട്ടലും മലവെള്ളപാച്ചിലും ഒപ്പം പെരുമഴയും ചേര്‍ന്ന് ഇരുവഴിഞ്ഞി പുഴ കലിതുള്ളിയൊഴുകിയതോടെയാണ് തൂക്ക് പാലങ്ങള്‍ നശിച്ചത്. വെസ്റ്റ് കൊടിയത്തൂരിനേയും പാഴൂരിനേയും ബന്ധിപ്പിക്കുന്ന പുതിയോട്ടില്‍ കടവ് പാലത്തിന്‍റെ മധ്യ ഭാഗം വളയുകയും ഇരുവശങ്ങളിലേയും സംരക്ഷിത കമ്പി വേലികള്‍ പൊട്ടിപോകുകയും ചെയ്തു.

35 ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്ത് നിര്‍മിച്ച പാലം തകർന്നതോടെ വെസ്റ്റ് കൊടിയത്തൂർ പ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങൾക്ക് പുറത്തു കടക്കാനുള്ള പ്രധാന മാർഗം അടഞ്ഞു. ബസുൾപ്പെടെ വലിയ വാഹനങ്ങളൊന്നും കടന്നു വരാത്ത ഈ ഗ്രാമത്തിലുള്ള വിദ്യാർഥികളടക്കം ബസു കയറാൻ പാഴൂരിലെത്തുന്നത് ഈ പാലം വഴിയായിരുന്നു.

കാരശ്ശേരി ഗ്രാമ പഞ്ചായത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിക്കുന്ന തൃക്കുടമണ്ണ തൂക്കുപാലം തകർന്നതോടെ തടപറമ്പ് പ്രദേശവും ഒറ്റപ്പെട്ടു. ഈ പാലം കഴിഞ്ഞ വർഷത്തെ പ്രളയത്തിലും തകർന്നിരുന്നു. തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ പുനര്‍മിച്ചതായിരുന്നു.