Kerala

1000 കോടിയുടെ വരുമാനം ലക്ഷ്യം; യാത്രക്കാരുടെ വിവരങ്ങള്‍ വിൽക്കാൻ ഐ.ആര്‍.സി.ടി.സി.

യാത്രക്കാരുടെ ഡാറ്റാ ബാങ്ക് പ്രയോജനപ്പെടുത്തി വരുമാനം നേടാൻ പദ്ധതിയിട്ട് ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ബുക്കിങ് കമ്പനിയായ ഐ.ആര്‍.സി.ടി.സി. ഈ പദ്ധതിയിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ കമ്പനികളുമായുള്ള വ്യാപാര ഇടപാടിനായി യാത്രക്കാരുടെ വന്‍തോതിലുള്ള ഡാറ്റ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം.

ഇതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ തന്നെ ഐആര്‍സിടിസിയുടെ ഓഹരി വില 5 ശതമാനത്തോളം ഉയർന്നിരിക്കുകയാണ്. ഓഹരിയൊന്നിന് 744 രൂപ നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

രാജ്യത്തെ ഏക റെയില്‍വെ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമാണ് ഐആർടിസി. അതുകൊണ്ട് തന്നെ ഇതുവരെ ട്രെയിനിൽ യാത്ര ചെയ്ത എല്ലാവരുടെയും വിവരങ്ങൾ കമ്പനിയുടെ പക്കലുണ്ട്. ഈ ഡേറ്റകൾ പ്രയോജനപ്പെടുത്തി വരുമാനം നേടാനുള്ള സാദ്ധ്യതകൾ എന്തൊക്കെയെന്ന് പരിശോധിക്കാൻ കൺസൾട്ടന്റിനെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനായി ടെൻഡർ വിളിച്ചിട്ടുണ്ട്.

പദ്ധതിയെ കുറിച്ച് വിമർശങ്ങളും ഉയർന്നിട്ടുണ്ട്. യാത്രക്കാരുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകളും ആളുകൾ പങ്കുവെക്കുന്നുണ്ട്. മാത്രവുമല്ല ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള ലംഘനമാണ് ഇതെന്നും ആരോപണം ഉണ്ട്.

മികച്ച പ്രവര്‍ത്തനഫലമാണ് കമ്പനി ഈ കഴിഞ്ഞ ജൂണില്‍ അവസാനിച്ച പാദത്തില്‍ ഉണ്ടായത്. അറ്റാദായം 196 ശതമാനം വര്‍ധിച്ച് 246 കോടി രൂപയായി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 92.50 കോടി രൂപയായിരുന്നു ലാഭം. വരുമാനമാകട്ടെ 251 ശതമാനം വര്‍ധിച്ച് 853 കോടി രൂപയായി എന്നും റിപ്പോർട്ടിൽ പറയുന്നു.