ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; ഡൽഹി-രാജസ്ഥാൻ, ഹൈദരാബാദ്- പഞ്ചാബ് പോരാട്ടം. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. വൈകീട്ട് 3.30നാണ് മത്സരം. പ്ലേ ഓഫിന് തൊട്ടരികിലാണ് ഡൽഹി. രാജസ്ഥാനാവട്ടെ ആദ്യ നാലിലെത്താനുള്ള അവസരവും.
ഇന്നത്തെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദാരാബാദ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. വൈകിട്ട് 7.30ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അവസാന സ്ഥാനക്കാരുടെ പോരാട്ടമാണ് ഇന്നത്തെ രണ്ടാം മത്സരം.
അതേസമയം പൃഥ്വി ഷോ -ശിഖർ ധവാൻ ഓപ്പണിംഗ് സഖ്യത്തിൽ ഡൽഹിക്ക് ആശങ്കയില്ല. പരുക്ക് മാറി തിരിച്ചെത്തിയ ശ്രേയസ് അയ്യർ ഫോമിലേക്ക് എത്തിയത് ഡൽഹിക്ക് ആശ്വാസമാണ്. മാർകസ് സ്റ്റോയിനിസ്, ഷിംറോൺ ഹെറ്റ്മയർ, ആന്റിച്ച് നോർജെ, കഗിംസോ റബാദ എന്നീ വിദേശതാരങ്ങളുടെ പ്രകടനം കൂടിയാകുമ്പോൾ ഏത് സാഹചര്യവും നേരിടാൻ ഡൽഹിക്ക് ആകും. പരസ്പരമുള്ള പോരാട്ടത്തിൽ നേരിയ മുൻതൂക്കം രാജസ്ഥാന് അവകാശപ്പെടാം. 23 മത്സരത്തിൽ 12ൽ രാജസ്ഥാനും 11ൽ ഡൽഹിയും ജയിച്ചു.
രാജസ്ഥാൻ നിരയിൽ സ്റ്റോക്‌സും ബട്‌ലറുമില്ലെങ്കിലും പകരക്കാരായ ലൂയിസും ലിയാം ലിവിങ്‌സറ്റണും താളം കണ്ടെത്തുന്നത് സഞ്ജുവിന് കാര്യങ്ങൾ എളുപ്പമാക്കും. മഹിപാൽ ലോംറോറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചത്.
അതേസമയം പഞ്ചാബ് നിരയിൽ നായകൻ കെ എൽ രാഹുലും മായങ്ക് അഗർവാളും മികച്ച തുടക്കം നൽകുമ്പോഴും അത് മുതലെടുക്കാൻ മധ്യനിരയ്ക്ക് ആകുന്നില്ല. ക്രിസ് ഗെയ്‌ലിനെ ഇന്നത്തെ മത്സരത്തിൽ ഉൾപ്പെടുത്തിയേക്കും. പരസ്പരം ഏറ്റുമുട്ടിയ 17 മത്സരങ്ങളിൽ 12ലും ജയിച്ചത് ഹൈദരാബാദ്. അഞ്ചെണ്ണത്തിലാണ് പഞ്ചാബിന് ജയിക്കാനായത്.