കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ തീകൊളുത്തി അക്രമം നടത്തിയ കേസില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കേരള പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്. നോയിഡയിലെ ചില ജിമ്മുകളില്‍ അടക്കമെത്തി ഉത്തര്‍പ്രദേശ് പൊലീസ് വിവരം തേടിയിട്ടുണ്ട്.
കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിയോഗിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് സംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.
ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം.
കേസില്‍ സംസ്ഥാനത്താകെ പൊലീസ് പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. റെയില്‍വേ സ്റ്റേഷന്‍,ബസ് സ്റ്റാന്‍ഡ്, ഹോട്ടലുകള്‍, ഇതര സംസ്ഥാനക്കാരുടെ ക്യാമ്പുകളിലടക്കം പരിശോധന നടത്താനാണ് നിര്‍ദേശം. സംശയാസ്പദമായി കണ്ടെത്തുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കാനും അറിയിപ്പ് നല്‍കി.