India Kerala

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം അപ്രസക്തം: ബിജെപി

മട്ടാഞ്ചേരി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമായ പാര്‍ട്ടിയായി സിപിഎം മാറിയെന്നും തെരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ കേരളത്തില്‍ നിന്നും സി പിഎം തൂത്തെറിയപ്പെടുമെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. സിപിഎം ദേശീയ പാര്‍ട്ടിയില്‍ നിന്നും പ്രാദേശിക തലത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയ്ക്ക് സമൂഹം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പാണ്ടിക്കുടി അജന്ത റോഡില്‍ ഛത്രപതി ശിവജി വായനശാലയുടെ ഉദ്ഘാട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍.അമേത്തിയില്‍ നിന്നും ഭയം കൊണ്ട് വയനാട്ടിലേക്ക് ഓടി വന്ന രാഹുലിനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടാണ് പ്രകടമാകുന്നത്.സേനാ നായകന്‍ തോറ്റോടുന്നത് കോണ്‍ഗ്രസിന്റെ കഷ്ടകാലത്തെയാണ് സൂചിപ്പിക്കുന്നത്. ദുഷ്ടശക്തികളുടെ നിഗ്രഹമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലൂടെ ലക്ഷൃമിടുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കാരവന്‍ മാഗസിന്‍ ഇന്ത്യയെ തകര്‍ക്കുവാന്‍ ലക്ഷ്യം വെച്ച്‌ പ്രവര്‍ത്തിക്കുന്ന മാധ്യമമാണ്. മോദിക്കെതിരെ കഴമ്ബില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച്‌ രാജ്യത്ത് കുഴപ്പം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി കൊച്ചി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ബിജു അധ്യക്ഷനായി. ശബരിമല കര്‍മ്മസമിതി പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം ശാലീന, വിമല രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ ശ്യാമള എസ്. പ്രഭു തുടങ്ങിയവര്‍ സംസാരിച്ചു.