India Kerala

ഇന്ന് ലോക വനിതാ ദിനം

ഇന്ന് ലോക വനിതാ ദിനം….”Think equal, build smart, innovate for change” എന്നതാണ് ഇത്തവണത്തെ വനിതാ ദിന സന്ദേശം. 1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ ഒരു പ്രക്ഷോഭം അരങ്ങേറി. വനിതകള്‍ നടത്തിയ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രക്ഷോഭം. കുറഞ്ഞ വേതനത്തിനെതിരെയും ദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയും സ്ത്രീകള്‍ നടത്തിയ ആദ്യ ചെറുത്തു നില്‍പ്പായിരുന്നു അത്. ഈ ദിവസത്തെ ഒരു അന്തർദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ മാർക്സിസ്റ്റ് തത്വചിന്തകയാണ്.

1910 -ൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോൺഗ്രസിലാണ് സെറ്റ്കിന്‍ ഈ ആശയം മുന്നോട്ടു വെച്ചത്. അവിടെ ഉണ്ടായിരുന്ന പതിനേഴു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആ ആശയത്തെ ഐക്യകണ്ഠേന അംഗീകരിച്ചു. 1911 -ൽ ആസ്ട്രിയയിലും ഡെന്മാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലും ആണ് ലോക വനിതാ ദിനം ആദ്യമായി ആഘോഷിക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത് 1975ലാണ് . 1996 മുതല്‍ ഓരോ വര്‍ഷവും ഓരോ സന്ദേശവും യു.എന്‍ നല്‍കാറുണ്ട്.