India Kerala

ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി

പെരുന്തല്‍മണ്ണയില്‍ നിന്നും അടിയന്തര ചികിത്സക്കായി കൊച്ചിയിലെത്തിച്ച രണ്ടു ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ ‍. ഗുരുതര ഹൃദ് രോഗവുമായി പിറന്ന കുഞ്ഞിന്റെ ചികിത്സയുടെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചതായും ഇനിയുള്ള 48 മണിക്കൂര്‍ കുഞ്ഞിന് നിര്‍ണായകമാണന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ കുട്ടിയുടെ ചികിത്സ ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് മാറ്റിയത്.


എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര ഹൃദ് രോഗത്തോടെ ജനിച്ച കൂട്ടിക്ക് ആരോഗ്യ മന്ത്രിയുടെ ഇടപെലോടെയാണ് കൊച്ചിയിലെ ലിസി ഹോസ്പിറ്റലില്‍ വിദഗ്ദ ചികില്‍സ ലഭ്യമായത്. ഹൃദയത്തിന്റെ ഭാഗമായ വാല്‍വുകളും രക്തകുഴലുകകളും ഇല്ലാത്തതും അറകളെ തമ്മില്‍ വേര്‍തിരിക്കുന്ന സ്ഥാനത്ത് ദ്വാരം രൂപപ്പെട്ടതുമാണ് കൂട്ടിയുടെ ആരോഗ്യ നിലയെ വഷളാക്കിയത്. എന്നാല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ചികിത്സയുടെ ആദ്യ ഘട്ടം വിജയകരമായതായും ഇനിയുള്ള 48 നിര്‍ണായകമാണന്നും വിദഗ്‍ദ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു.

വിഷയത്തില്‍ മന്ത്രി ഇടപെട്ടതും ആവശ്യമായ സൌകര്യങ്ങലൊരുക്കിയതും അരമണിക്കൂറിനുള്ളിലാണന്നും സര്‍ക്കാരിലുള്ള വിശ്വാസം മന്ത്രി കാത്തു സൂക്ഷിച്ചതായും സഹായ അഭ്യര്‍ഥന നടത്തിയ ജിയാസ് പറഞ്ഞു. ജനിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ടതിനാല്‍ ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ചികിത്സകളാണ് നല്‍കുന്നതെങ്കിലും വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചികിത്സകളിലൂടെ കുട്ടിക്ക് എത്രയും വേഗം ആരോഗ്യ നില വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.