സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം ആരംഭിച്ചു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സമരം. സമരത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ വന്‍തുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്തി വെച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും സര്‍വീസുകള്‍ ഉണ്ടാവില്ല. ഇത് കേരളം, കര്‍ണാടക,ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഓപ്പറേറ്റര്‍മാരെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരുമായി സഹകരിച്ച് പോകാമെന്ന് അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ബസുടമകള്‍ പറയുന്നു. സമരത്തെക്കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ വാദം ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ തള്ളി. ബസ് സര്‍വീസുകള്‍ നിര്‍ത്തിയതോടെ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരും പ്രതിസന്ധിയിലായി.
പ്രതിദിനം എഴു നൂറിലധികം അന്തര്‍ സംസ്ഥാന സര്‍വീസുകളാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ നടത്തുന്നത്.കേരളത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ ജി ഫോം നല്‍കി നികുതി അടക്കുന്നത് നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.