അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ സമരം പൊളിയുന്നു. സമരം തുടരുമ്പോഴും പല ബസുകളും ബുക്കിംഗ് പുനരാരംഭിച്ചു. ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെങ്കിലും ആരും യാത്ര ചെയ്യാൻ വരില്ലെന്ന വിചിത്ര വാദമാണ് ബസുടമകൾ ഉയര്‍ത്തുന്നത്.
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി ബസുകളിൽ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അന്തർ സംസ്ഥാന ബസുകൾ സമരമാരംഭിച്ചത്. ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതോടെ ഇനി ചർച്ച വേണ്ടെന്ന് സർക്കാരും നിലപാടെടുത്തു. സമരം നീളുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് ഒരു വിഭാഗം ബസുടമകൾ ആശങ്ക ഉയർത്തി. ഇപ്പോൾ സമരം തുടരുമ്പോഴും പല ബസുകളും ബുക്കിംഗ് പുനരാരംഭിച്ചു. ഓൺലൈൻ ബുക്കിംഗ് തകൃതിയായി നടക്കുന്നത് വെബ് സൈറ്റുകളിൽ നിന്ന് വ്യക്തമാണ്. കല്ലട ബസും ഇതിൽ ഉൾപ്പെടും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും യാത്രക്കാർ കൂടുതലാണ്. ഇത് ലക്ഷ്യമിട്ടാണ് സ്വകാര്യ ബസുകളുടെ നീക്കം. കെ.എസ്.ആർ.ടി.സിയും കർണാടകവും അധിക സർവീസുകൾ നടത്തിയതും സ്വകാര്യ ബസ് ലോബിക്ക് തിരിച്ചടിയായി.