Kerala

എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിമതര്‍ ഭീഷണിയാകുന്നു

നാമനിര്‍ദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോഴും എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിമതര്‍ ഭീഷണിയാകുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ ഇരുമുന്നണികൾക്കുമെതിരെ മൂന്ന് വീതം സീറ്റിങ് കൌണ്‍സിലര്‍മാരാണ് വിമതരായി രംഗത്തുള്ളത്. പ്രധാനനഗരസഭകളിലെല്ലാം യു.ഡി.എഫിന് വിമത ഭീഷണിയുണ്ട്

മുന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ അഷറഫ് അടക്കം മൂന്ന് സിറ്റിങ് കൌണ്‍സിലരാണ് കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് വിമത ഭീഷണി ഉയര്‍ത്തുന്നത്. ഡെലീന പിൻഹിറോ, ഗ്രേസി ജോസഫ് എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരരംഗത്തുള്ള മറ്റ് കൌണ്‍സിലര്‍മാര്‍. മുസ്ലിം ലീഗ് നേതാവ് ടി.കെ അഷ്റഫിനെക്കൂടാതെ മുസ്ലിം ലീഗ് മത്സരിക്കുന്ന നാല് ഡിവിഷനുകളിലും വിമതര്‍ രംഗത്തുണ്ട്.

സിറ്റിങ് കൗണ്‍സിലര്‍മാരായ കെ.എച്ച് പ്രീതി, ബിന്ദു ലെവിൻ, ജയന്തി പ്രേംനാഥ് എന്നിവരാണ് കൊച്ചി കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ രംഗത്തുള്ളത്. നെല്ലിക്കുഴിയിലും പല്ലാരിമംഗലത്തും സി.പി.എമ്മിനോട് പിണങ്ങിയാണ് സി.പി.ഐ ഒറ്റക്ക് മത്സരരംഗത്തുള്ളത്. മഴുവന്നൂരിൽ 6 വാർഡുകളിൽ സി.പി.എം-സി.പി.ഐ മത്സരം നടക്കുന്നുണ്ട്.

പറവൂര്‍ നഗരസഭയില്‍ എട്ട് വാര്‍ഡുകളിലാണ് യു.ഡി.എഫിന് വിമതരുള്ളത്. തൃക്കാക്കര നഗരസഭയില്‍ ആറ് വാര്‍ഡുകളിലും തൃപ്പൂണിത്തുറ നഗരസഭയില്‍ 2 വാര്‍ഡുകളിലും വിമതസ്വാധീനം ഉണ്ട്. കളമശ്ശേരി, ആലുവ നഗരസഭകളിലും യു.ഡി.എഫിന് വിമതന്‍മാര്‍ കുറവല്ല. കാഞ്ഞൂർ പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഒറ്റക്കാണ് മത്സരരംഗത്തുള്ളത്. കീരംപാറയിൽ സി.പി.എമ്മിനോട് പിണങ്ങിയാണ് കേരള കോൺഗ്രസും (എം) മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ബി.ജെ.പിക്ക് സ്വാധീനമുള്ള തൃപ്പൂണിത്തുറയിൽ മുൻ ബി.ജെ.പിക്കാർ ചേർന്നു രൂപീകരിച്ച വി ഫോർ തൃപ്പൂണിത്തുറയാണ് ജില്ലയിലെ ബി.ജെ.പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.