പത്താം ക്ലാസിന്റെ ഫലം വന്നതോടെ ഉയർന്ന മാർക്ക് കിട്ടിയവരെ അഭിനന്ദിക്കുന്ന തിരക്കിലാണ് എല്ലാവരും. എന്നാൽ പത്താം ക്ലാസിൽ ഉയര്‍ന്ന മാര്‍ക്ക് നേടാതിരുന്നിട്ടും സിവിൽ സർവീസിൽ 390ാം റാങ്ക് കിട്ടിയതിനെക്കുറിച്ച് എഴുതി പ്രചോദനമായിരിക്കുകയാണ് ഇത്തവണത്തെ ലിസ്റ്റിലുള്ള മുഹമ്മദ് സജാദ് എന്ന മലപ്പുറത്തുക്കാരന്‍.
4 ശതമാനമായിരുന്നു പത്തിലെ മാർക്ക്. അത്ര മോശം മാർക്കൊന്നുമായിരുന്നില്ല . എങ്കിലും ക്ലാസ്സിൽ ഏറെ പിന്നിലായിരുന്നു. ആ മാർക്ക് വെച്ച് മെറിറ്റിൽ എവിടെയും science കിട്ടില്ലായിരുന്നു. സയൻസ് കിട്ടാതെ, 5 വർഷം സ്വന്തം വീടു പോലെ കണ്ട മലപ്പുറം നവോദയയുടെ പടിയിറങ്ങുന്പോൾ ആദ്യമായി വീട്ടിൽ നിന്ന് നവോദയയിൽ പോയതിനേക്കാൾ സങ്കടമുണ്ടായിരുന്നു. എങ്കിലും മെറിറ്റിൽ കിട്ടാത്ത science നു പകരം Humanities എടുത്തതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അന്നത്തെ നഷ്ടബോധമാണ്, വാശിയാണ്, പിന്നീട് സിവിൽ സർവ്വീസ് വിജയത്തിനടക്കം പ്രചോദനമായത്. എന്തേ ഹ്യുമാനിറ്റീസ് എടുത്തത് എന്നുള്ള പലരുടേയും ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്നത്തെ 390 ആം റാങ്ക്. അതു കൊണ്ട് തോറ്റു പോയവരോട്, ഫുൾ A+ ഉം സയൻസും കിട്ടാത്തവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒന്നിന്റേയും അവസാനമല്ല.