Kerala

കൊച്ചിയില്‍ ലഹരിപരിശോധന കര്‍ശനമാക്കി; നിരീക്ഷണത്തിനായി കണ്‍ട്രോള്‍ റൂം തുറന്നു

ന്യൂഇയര്‍ ആഘോഷങ്ങള്‍ ലഹരിയില്‍ മുങ്ങാതിരിക്കാന്‍ കര്‍ശന ജാഗ്രതയുമായി ഏജന്‍സികള്‍. എക്‌സൈസ്, പൊലീസ്, കസ്റ്റംസ് എന്നിവരുടെ നേതൃത്വത്തില്‍ ജനുവരി 3 വരെ നീണ്ടു നില്‍ക്കുന്ന പ്രത്യേക പരിശോധനകള്‍ ജില്ലയില്‍ നടക്കും. സംസ്ഥാനത്ത് ഏറ്റവുമധികം ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ലയെന്ന നിലയിലാണ് കടുത്ത നടപടി.

സംസ്ഥാനത്തെ ലഹരി ഹബ്ബെന്ന നിലയില്‍ ന്യൂഇയര്‍ ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് ലഹരി ഒഴുക്ക് തന്നെ ഉണ്ടാകുമെന്ന് ഏജന്‍സികള്‍ കരുതുന്നു. പ്രതിരോധ നടപടിയെന്ന നിലയില്‍ എക്‌സൈസ് നേതൃത്വത്തില്‍ നിരീക്ഷണത്തിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജനുവരി 3 വരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ക്ക് കീഴില്‍ ജില്ലയിലെ മൂന്ന് മേഖലകളില്‍ പ്രത്യേക സ്‌ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. താലൂക്ക് തലങ്ങളില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരടങ്ങുന്ന സംഘം പരിശോധനയ്ക്ക് നേതൃത്വം നല്‍കും. പൊലീസ്, കസ്റ്റംസ് എന്നിവരുമായി സഹകരിച്ച് ഡ്രഗ് പാര്‍ട്ടികളില്‍ മിന്നല്‍ റെയ്ഡുകള്‍ക്കും നീക്കമുണ്ട്.

അതേസമയം സിറ്റി ലിമിറ്റില്‍ മാത്രം ലഹരിമാഫിയ പിടിമുറുക്കിയ 59 ബ്ലാക് സ്‌പോട്ടുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടെയടക്കം
പ്രധാന കേന്ദ്രങ്ങളില്‍ ഡ്രോണ്‍ പരിശോധന നടത്തും. സ്ഥിരം ലഹരിക്കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കാനും തീരുമാനമുണ്ട്.