കൊച്ചിയിൽ നിന്ന് ഇന്ത്യ ഏറ്റുവാങ്ങിയ ഐഎൻഎസ് വിക്രാന്ത് അതിൻറെ ഔദ്യോഗിക ദൗത്യം തുടങ്ങുകയാണ്. 1999ൽ തുടങ്ങിയ നിർമാണവും എട്ടുവർഷം നീണ്ട ജലപരീക്ഷണങ്ങളും കഴിഞ്ഞ് ഈ അതുല്യ വിമാന വാഹിനി സർവസജ്ജമായിക്കഴിഞ്ഞു. കൊച്ചി ഷിപ്പ് യാർഡിനും കേരളത്തിനും എക്കാലത്തേക്കും ഓർമിക്കാനുള്ളതാണ് ഈ സാങ്കേതിക മികവ്.\
ഒരു മിഗ് 29 കെ വിമാനത്തിന്റെ നീളം എത്രയെന്ന് അറിയുമോ? പതിനേഴേകാൽ മീറ്ററിലേറേയാണ്. കുത്തനെ പറക്കുമ്പോൾ നോക്കിയാൽ ഒരു ആറു നില കെട്ടിടത്തിന്റെ ഉയരം വരും. അത്തരം 26 വിമാനങ്ങൾ ഒന്നിച്ച് നിർത്തിയിട്ടിരിക്കുന്ന ഒരിടത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതുമാത്രമല്ല, ചിറകുവിരിക്കാൻ മാത്രം പന്ത്രണ്ടര അടി വേണം കാമോവ് കെ എ 32 ഹെലികോപ്റ്ററുകൾക്ക്. അതു പത്തെണ്ണം. പോരെങ്കിൽ സീ കിങ് ഹെലികോപ്റ്ററുകളും. ഇത്രയുമൊക്കെ ഒന്നിച്ച് നിർത്തിയിടാവുന്നതാണ് ഐഎൻഎസ് വിക്രാന്ത്.
മലയാളികളുടെ അഭിമാനം
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മലയാളി ഏറ്റവും കൂടുതൽ അഭിമാനം
കൊണ്ടിട്ടുണ്ടാവുക ഈ പേരു പറഞ്ഞാകും. ഇനിയുള്ള പതിറ്റാണ്ടുകളിലെ ഇന്ത്യയുടെ ദേശീയതാ ബോധത്തിൻറെ കൂടി ഭാഗമായിരിക്കുകയും ചെയ്യും. വിക്രാന്തിനെക്കുറിച്ചുള്ള ഓരോ വിവരവും വിസ്മയകരമാണ് വൈകാരികവുമാണ്.
വിക്രാന്തിനു താഴെ നിൽക്കുന്ന മനുഷ്യൻ, കാറിന് അടുത്തു നിൽക്കുന്ന ഉറുമ്പിനെപ്പോലെ നിസാരനാണ്. ആ വലിപ്പം മനസ്സിലാക്കാൻ നേരത്തെ പറഞ്ഞ യുദ്ധവിമാനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും എണ്ണത്തിനു പുറമെ ഇതിലുള്ള ആളുകളുടെ കണക്കു കൂടി നോക്കിയാൽ മതി. 196 ഓഫിസർമാരും 1,449 നാവികരും.
അവർക്കു താമസിക്കാനും മറ്റു സൗകര്യങ്ങൾക്കുമായി 2300 കംപാർട്ട്മെന്റുകൾ.
14 ഡെക്കുകളിലായി ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് 59 മീറ്റർ ഉയരത്തിലാണ്.
ഏകദേശം 21 നില ഉയരമുള്ള കെട്ടിടം എന്നു പറയാം. വീതി 62 മീറ്റർ. നീളം മുകൾത്തട്ടിൽ 262 മീറ്റർ.
ലുലു ഹൈപ്പർമാക്കറ്റിന്റെ ഒരു നിലയുടെ വലിപ്പം
ആകെ വിസ്തൃതി ഒരു ലക്ഷത്തി 74,580 ചതുരശ്ര അടിയാണ്. നാല് ഏക്കർ സ്ഥലം എന്നു പറയാം. കൊച്ചി ലുലു ഹൈപ്പർമാക്കറ്റിന്റെ ഒരു നിലയുടെ വലിപ്പം വരും. ഒരു ഫുട്ബോൾ മൈതാനത്തിന് ഒരു ഏക്കർ 33 സെൻറ് സ്ഥലമാണ് വിസ്തൃതി. മൂന്നു ഫുട്ബോൾ മൈതാനങ്ങൾ ചേരുന്നത്ര വലിപ്പം എന്നും വിളിക്കാം.
ഡിസ്പ്ലേസ്മെന്റ് 45,000 ടൺ ആണ്. ഈ 45,000 ടണ്ണിനുള്ള ഉരുക്കും നിർമിച്ചത് ഇന്ത്യയിൽ തന്നെയാണ്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേകമായി നിർമിച്ചതാണ് DMR 249 ഗ്രേഡ് ഉരുക്ക്. ബൊക്കാറോ, ഭിലായി, റൂർക്കി സ്റ്റീൽ പ്ലാന്റുകൾക്കായിരുന്നു കരാർ.
വേഗതയിലും വെല്ലും
28 നോട്ടിക്കൽ മൈൽ വരെ പരമാവധി വേഗം ആർജിക്കാവുന്നതാണ് കപ്പൽ. അഥവാ 52 കിലോമീറ്റർ വരെ വേഗം കൈക്കൊള്ളാൻ കഴിയും ഈ വിമാനവാഹിനിക്ക്. എൻഡുറൻസ് അഥവാ നിർത്താതെ പരമാവധി സഞ്ചരിക്കാനുള്ള ശേഷിയാണ് വിമാനവാഹിനികളുടെ കരുത്ത് അളക്കാനുള്ള പ്രധാന മാനദണ്ഡം. 14,000 ആണ് വിക്രാന്തിന്റെ എൻഡുറൻസ്. കടലിൽ ഒറ്റയടിക്കു പോകാവുന്ന ദൂരമാണിത്.
ഫ്ലൈറ്റ് ഡെക്കിനെക്കുറിച്ചറിയാം
വിമാന വാഹിനിക്കപ്പലിന്റെ ഈ റൺവേ അഥവാ മുകൾതട്ടിന്റെ പേര് ഫ്ലൈറ്റ് ഡെക്. ആദ്യം ടേക് ഓഫിൽ നിന്നു തന്നെ ആരംഭിക്കാം. പൂജ്യം കിലോമീറ്റർ വേഗം അഥവാ നിർത്തിയിട്ടിരിക്കുന്ന ഇടത്തു നിന്ന് 160 കിലോമീറ്റർ വേഗം എത്താൻ വേണ്ടതു വെറും 65 മീറ്റർ ഓട്ടം മാത്രം.
ഫ്ലൈറ്റ് ഡെക്കിലെ സ്റ്റീം കാറ്റാപുൾട്ടാണ് അതു സാധ്യമാക്കുന്നത്. കാറ്റാപുൾട്ട് എന്നാൽ തെറ്റാലിയാണ്. തെറ്റാലിയിൽ നിന്നു കല്ലുതെറിക്കുന്നതുപോലെയാണു വിമാനം കുതിച്ചുപൊങ്ങുന്നത്. പറന്നുയരുന്നതിലെ ഈ വിസ്മയം ഇറക്കത്തിലുമുണ്ട്.
200 കിലോമീറ്റർ വേഗത്തിൽ വരുന്ന വിമാനം വെറും 100 മീറ്റർ ഓടുമ്പോഴേക്ക് പൂജ്യം കിലോമീറ്റർ വേഗത്തിലാകും.
വീലുകളെ അക്ഷരാർത്ഥത്തിൽ പിടിച്ചു നിർത്തുകയാണ് അറസ്റ്ററുകൾ ആയി ഉപയോഗിക്കുന്ന കേബിളുകൾ ചെയ്യുന്നത്. ഇങ്ങനെ ലാൻഡ് ചെയ്യുന്ന 26 മിഗ് 29 കെ വിമാനങ്ങൾ കൊണ്ടുപോകാൻ ശേഷിയുള്ളതാണ് വിക്രാന്ത്.
മിഗിനു പുറമെ കാമോവ്-32 ഹെലികോപറ്ററുകൾ. മിഗിനൊപ്പം പത്തെണ്ണം ഇവയും സുഖമായി കൊണ്ടുപോകാം.
കാമോവ് അല്ലെങ്കിൽ നിലവധി ലൈറ്റ് വെയ്റ്റ് ഹെലികോപ്റ്ററുകൾ ഉൾക്കൊള്ളിക്കാം.
സീകിങ് ഹെലികോപ്റ്ററുകൾ, അല്ലെങ്കിൽ അമേരിക്ക നിർമിച്ച എംഎച്ച് 60 ആർ. ഇങ്ങനെ ഏതു തരം വിമാനവും വന്നിറങ്ങുമ്പോൾ അതു നിയന്ത്രിക്കുന്നത് ഈ ഐലൻഡിലാണ്.