സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ഇന്നത്തെ ഇന്നസെന്റിലേക്ക് എത്താനുള്ള ദൂരം കല്ലും മുള്ളും നിറഞ്ഞതായിരുന്നു. 1985 ൽ പുറത്തിറങ്ങിയ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റിലെ നടനെ പലരും തിരിച്ചറിഞ്ഞത്. എന്നാൽ 1972 ൽ സിനിമാ ലോകത്ത് എത്തിയ വ്യക്തിയാണ് ഇന്നസെന്റ്. നീണ്ട 13 വർഷമാണ് നല്ലൊരു വേഷം കിട്ടാൻ ഇന്നസെന്റ് ക്ഷമയോടെ കാത്തിരുന്നത്. ( innocent first salary )
നടനാകാനുള്ള ആഗ്രഹം ഇന്നസെന്റ് ആദ്യം പറഞ്ഞത് സ്വന്തം അച്ഛനോടായിരുന്നു. സ്‌കൂൾ നാടകങ്ങളിലും മറ്റും പങ്കെടുക്കാൻ പ്രോത്സാഹനം നൽകിയതും അച്ഛൻ വറീത് തന്നെയാണ്. സ്‌കൂൾ പഠനം എട്ടാം ക്ലാസിൽ നിർത്തി പലതും ചെയ്താണ് ഒടുവിൽ തീപ്പെട്ടി കമ്പനി താരം തുടങ്ങുന്നത്. അതിന്റെ ആവശ്യത്തിനായി ശിവകാശിയിൽ പോയി മടങ്ങും വഴി മദ്രാസിൽ സിനിമാ മോഹവുമായി ഇറങ്ങുന്നതോടെയാണ് താരത്തിന്റെ ജീവിതം മാറി മറിയുന്നത്.
കോടമ്പാക്കത്തെ സിനിമാക്കാരുടെ സ്ഥിരം താവളമായ ഉമാ ലോഡ്ജായിരുന്നു ഇന്നസെന്റിന്റേയും അഭയകേന്ദ്രം. മാസം 30 രൂപയായിരുന്നു മുറിവാടക. കൊടും പട്ടിണിയുടെ നാളുകളായിരുന്നു അത്. ബസിന് പോകാൻ പോലും പണമില്ലാതെ ആകെയുള്ള ഒരു ഷർട്ടും ഡബിൾ മുണ്ടും മുഷിയാതെ കിലോമീറ്ററുകളോളം നടന്നാണ് ഇന്നസെന്റ് സിനിമാ സെറ്റുകളിൽ എത്തിയിരുന്നത്.
എ.ബി രാജ് സംവിധാനം ചെയ്ത് 1972 സെപ്റ്റംബർ 9ന് റിലീസ് ചെയ്ത ‘നൃത്തശാലയാണ്’ ഇന്നസെന്റിന്റെ ആദ്യ ചിത്രം. 1973 ൽ ഉർവശിഭാരതിയിലും ജീസസിലും അഭിനയിച്ചു. 1974 ൽ നെല്ല് എന്ന സിനിമയിലും വേഷമിട്ടു. ജീസസിലാണ് ആദ്യ പ്രതിഫലം ലഭിക്കുന്നത്. 15 രൂപയായിരുന്നു ആദ്യമായി കിട്ടിയ പ്രതിഫലം. നെല്ലിൽ 1,500 രൂപ പ്രതിഫലം ലഭിച്ചു.
പല ചിത്രങ്ങളിലും വേലക്കാരനായും മറ്റുമുള്ള പാസിംദ് ഷോട്ടുകൾ മാത്രമാണ് ഇന്നസെന്റിന് ലഭിച്ചത്. എന്നാൽ ഈ വേഷങ്ങൾ കേളജിൽ പഠിക്കുന്ന സഹോദരങ്ങൾക്കും ബന്ധുക്കൾക്കുമെല്ലാം നാണക്കേട് ഉണ്ടാക്കുന്നുവെന്നത് ഇന്നസെന്റിനെ ഏറെ വിഷമിപ്പിച്ചിരുന്നു.
1985 ൽ സിനിമ ഉപേക്ഷിച്ച് മദ്രാസിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയപ്പോഴാണ് സെഞ്ചുറി ഫിലിംസ് ഉടമ കൊച്ചുമോന്റെ സന്ദേശം ഇന്നസെന്റിനെ തേടിയെത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന ചിത്രത്തിൽ രണ്ട് സീനിൽ അഭിനയിക്കാനായിരുന്നു ക്ഷണം. ചിത്രം സാമ്പത്തിക പരാജയമായിരുന്നുവെങ്കിലും ഇന്നസെന്റിലെ നടനെ മലയാള സിനിമാ ലോകം അറിഞ്ഞത് ആ ചിത്രത്തിലൂടെയായിരുന്നു. ഇന്നസെന്റിനെ ആ വേഷം ചെയ്യിക്കാൻ കാരണക്കാരായത് മമ്മൂട്ടിയും തിരക്കഥാകൃത്ത് ജോൺ പോളുമായിരുന്നു. 1989 ലാണ് ഇന്നസെന്റിന്റെ മഴവിൽക്കാവടി എന്ന ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അതേ വർഷം റിലീസ് ചെയ്ത ‘റാംജി റാവു സ്പീക്കിംഗ്’ ഇന്നസെന്റിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല താരത്തിന്.