Kerala

സംസ്ഥാന സർക്കാറിന്റെ ജെൻഡർ ന്യൂട്രൽ യൂണിഫോം; ആശങ്കയകറ്റാൻ ജനകീയ ചർച്ച വേണമെന്ന് ഐ.എൻ.എൽ.

സംസ്ഥാന സർക്കാറിന്റെ ജെൻഡർ ന്യൂട്രൽ യൂണിഫോം, ആശങ്കയകറ്റാൻ ജനകീയ ചർച്ച വേണമെന്ന് എൽ.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എൽ. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, കാസിം ഇരിക്കൂർ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സമൂഹത്തിൽ ആശങ്കയുണ്ടായിട്ടുണ്ടെന്ന് കാസിം ഇരിക്കൂർ പറഞ്ഞു. ലിംഗസമത്വത്തിന്റെ ഊന്നൽ വേഷത്തിലോ ഇരിപ്പിടത്തിലോയല്ലെന്നും പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി.

പല അഭിപ്രായങ്ങൾ ഉയർന്നുവരുമ്പോൾ അഭിപ്രായ സമന്വയം ഉണ്ടാകണം. സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രി തന്നെ ചർച്ച ചെയ്‌ത്‌ പരിഹാരമുണ്ടാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സർക്കാർ അടിച്ചേൽപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ആരും വിവാദം സൃഷ്ടിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരിപ്പിട സമത്വം കൊണ്ടുവരുന്നതിൽ ഒരു വിഭാഗത്തിന് മാത്രമായിരിക്കില്ല എതിർപ്പെന്നും പലരും എതിർക്കുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു. ജീൻസിനോടും പാൻറ്‌സിനോടും എല്ലാവർക്കും എതിർപ്പുണ്ടാകണമെന്നില്ലെന്നും പക്ഷേ അതി യൂണിഫോമായി മാറുമ്പോൾ ചെറിയ അടിച്ചേൽപ്പിക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.