ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും. ഇന്ന് രക്ത പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ശസ്ത്രക്രിയ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യനിലയിലെ സങ്കീര്‍ണ്ണത കാരണം ശസ്ത്രക്രിയക്ക് അപകടസാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായി തുടരുകയാണെങ്കിലും അതില്‍ സ്ഥിരത കൈവന്നതോടെയാണ് ശസ്ത്രക്രിയ നടപടികളിലേക്ക് കടക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. രക്തപരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച് സാഹചര്യം അനുകൂലമായാല്‍ ഇന്ന് തന്നെ ശസ്ത്രക്രിയ നടക്കും.
കുഞ്ഞിന്റെ ഹൃദയത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ ദ്വാരമുണ്ട്. ശരീരത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന അവസ്ഥയിലും ഹൃദയ വാൽവിന്റെ പ്രവർത്തനത്തിൽ തകരാറിലുമാണ്. ഭാവിയില്‍ കുഞ്ഞിന്റെ ആരോഗ്യനിലയെ ദോഷകരമായി ബാധിച്ചേക്കാവുന്ന വേറെയും വൈകല്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നടക്കാനിരിക്കുന്ന ശസ്ത്രക്രിയ അപകടസാധ്യത കൂടിയതാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കാസർഗോഡ് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ചത്.