India Kerala

ഒടുവില്‍, ആ കുഞ്ഞും മരണത്തിന് കീഴടങ്ങി

ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദനമേറ്റ കുഞ്ഞ് മരിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് മരിച്ചത്. കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ നില ഇന്ന് പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതോടെ മരുന്നുകളോട് പ്രതികരിക്കാതെയായി. തുടര്‍ന്ന് 9 മണിയോടു കൂടി മരണം സംഭവിക്കുകയായിരുന്നു. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ അമ്മക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. അനുസരണക്കേട് കാട്ടിയതിനാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചതെന്നായിരുന്നു ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മയുടെ കുറ്റസമ്മത മൊഴി.

ബുധനാഴ്ച വൈകുന്നേരമാണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റെന്നായിരുന്നു ആശുപത്രി അധികൃതരോട് ഇവര്‍ പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗത്തും പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.