Europe India Kerala Pravasi Switzerland

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ മോചനം ഉറപ്പുവരുത്തുക – ഫാദർ സെബാസ്റ്റിയൻ തയ്യിൽ – നാഷണൽ കോഓർഡിനേറ്റർ ,സീറോ മലബാർ കമ്മ്യൂണിറ്റി, സ്വിറ്റ്സർലൻഡ്

ഈശോമിശിഹായിൽ
സ്നേഹംനിറഞ്ഞ സഹോദരീസഹോദരന്മാരേ, കുഞ്ഞുങ്ങളേ,

ലോകത്തിലെ സകല അസ്വസ്ഥതകൾക്കും പരിഹാരം സുവിശേഷ ചൈതന്യത്തിൽ എല്ലാവരും നിറയുക എന്നുള്ളത് മാത്രമാണ്. “ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ” എന്നുള്ള നമ്മുടെ കർത്താവിൻറെ ആഹ്വാനം അതിന് നമ്മളെ പ്രേരിപ്പിക്കുകയാണ്. ഇത് ശിരസാവഹിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ പ്രത്യേകിച്ചും നമ്മുടെ നാട്ടിലെ അവഗണിക്കപ്പെട്ട ആളുകളുടെ ഇടയിൽ പ്രവർത്തിക്കുന്ന വൈദികർക്കും സന്യസ്തർക്കും ആത്മായർക്കും നേരിടേണ്ടി വരുന്ന നിരവധിയായ പ്രതിസന്ധികൾ ഇന്ന് വ്യക്തമാണു്. ഇക്കാര്യത്തിൽ ഭരണഘടന അനുവദിക്കുന്ന വഴികളിലൂടെ മാത്രം ചരിക്കുന്ന നമ്മളെയും നമ്മുടെ ഭരണഘടനയേയും പ്രതിക്കൂട്ടിലാക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദികളാണ് ഛത്തീസ്ഗഡിൽ നമ്മുടെ രണ്ടു സഹോദരിമാരെ പിടിച്ചു ബന്ധികൾ ആക്കി വെച്ചിരിക്കുന്നത്.

മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ചുമത്തി ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ കാര്യത്തില്‍ ചര്‍ച്ചക്ക് തയാറാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ രീതി തികച്ചും അപലനീയമാണ് .ചര്‍ച്ചയാവശ്യപ്പെട്ട് എം പിമാര്‍ രാജ്യസഭയില്‍ നല്‍കിയ നോട്ടീസുകള്‍ ഇന്നും തള്ളിയിരിക്കുകയാണ് .

കന്യാസ്ത്രീകളെ അന്യായമായാണ് തടങ്കലില്‍ വെച്ചിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് എംപി മാര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യസഭയില്‍ നോട്ടീസ് നല്‍കുന്നത്.

ചിലരൊക്കെ പറയുന്ന പോലെ കത്തോലിക്ക സന്യാസിനികളുടെ ലക്ഷ്യം കേവലം മതപരിവർത്തനം മാത്രം ആയിരുന്നെങ്കിൽ ഇന്ത്യ എന്നേ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായേനെ…ഇന്നും 100ൽ 2 ശതമാനം മാത്രമേ ക്രിസ്ത്യാനികൾ ഇന്ത്യയിൽ ഉള്ളൂ…എന്നിരുന്നാലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നതും വിദ്യാഭ്യാസസ്ഥാപനങ്ങൾ ആശുപത്രികൾ,ആതുരാലയങ്ങൾ,ഒരു ദുരന്തംവരുമ്പോൾ കൈമെയ്യ് മറന്ന് സഹായിക്കാൻഎത്തുന്ന സംഘടനകൾ ഉള്ളതും കത്തോലിക്കാസഭക്കും മറ്റു ക്രൈസ്തവ സഭകൾക്കുമാണ് എന്നുള്ള യാഥാർഥ്യം ചിലർ മറന്നുപോകുന്നത് തികച്ചും പരിതാപകരമാണ് .

2000 വർഷത്തെ പാരമ്പര്യമുള്ള ക്രൈസ്തവർക്ക് എന്തിന് ജാതിയും മതവും നോക്കാതെ സകലരെയും പഠിപ്പിച്ച ക്രിസ്ത്യൻ മിഷണറിമാർക്ക് മതപരിവർത്തനം മാത്രം ആയിരുന്നു ലക്ഷ്യമെങ്കിൽ അത് മുൻപേ സാധിച്ചെടുക്കാമായിരുന്നില്ലേ .

പ്രവാസലോകത്തുനിന്നും സഹോദരിമാരെ നമ്മളുടെ പ്രീതികരണങ്ങൾക്കു പരിമിതികൾ ഉണ്ട് എന്നിരുന്നാലും അറസ്റ്റിലകപ്പെട്ട അവരുടെ മോചനത്തിനു വേണ്ടിയും ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളേ സർക്കാർ നിരോധിക്കുന്നതിന് വേണ്ടിയും നമുക്ക് ശക്തമായിട്ട് പ്രാർത്ഥിക്കുകയും, സ്വരം ഉയർത്തുകയും ആവുന്ന വിധത്തിലൊക്കെ അവരെ സപ്പോർട്ട് ചെയ്യുകയും ചെയ്യാം.

നമ്മളെയും നമ്മുടെ നാടിനെയും ലോകം മുഴുവനേയും ദൈവം അനുഗ്രഹിക്കട്ടെ.

സ്നേഹപൂർവ്വം,
ഫാദർ സെബാസ്റ്റ്യൻ തയ്യിൽ