India Kerala

‘ഭരണഘടനയുടെ ആമുഖം മനസ്സിലാക്കിയവരില്‍ വിഭാഗീയ ചിന്ത ഉണ്ടാകില്ല’

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം കൃത്യമായി മനസ്സിലാക്കിയാല്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍ പി സദാശിവം. വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ തലം മുതല്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാക്കണമെന്നും പി സദാശിവം പറഞ്ഞു. മഹത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് നടക്കുന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.

ഇന്ത്യന്‍ ജനസമൂഹത്തിന്റെ ഇടയിലുള്ള എല്ലാ വിഭാഗീയ ചിന്തകളെയും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് ഭരണഘടനയുടെ ആമുഖമെന്നും അത് ശരിയായി മനസ്സിലാക്കിയാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വിഭാഗീയ ചിന്തകളുണ്ടാവില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികവും രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷികവും ആചരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തില്‍ നടക്കുന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പി സദാശിവം.

ശബരി ആശ്രമത്തില്‍ ഗാന്ധിജി എത്തിയ ഇടവും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ജേതാക്കളായ പാലക്കാട് ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് ശബരി ആശ്രമത്തിലെ വേദിയില്‍ മന്ത്രി എ.കെ ബാലന്‍ സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് കെ ശാന്തകുമാരിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കപ്പ് ഏറ്റുവാങ്ങി.