Kerala

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി രണ്ടുവയസുകാരി ഷെല്ല മെഹ്‌വിഷ്

ഓര്‍മശക്തിയുടെ മികവില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് രണ്ടുവയസുകാരി ഷെല്ല മെഹ്‌വിഷ്. മലപ്പുറം ജില്ലയിലെ ചെനക്കലങ്ങാടി സ്വദേശികളായ ഫായിസ് ഫസ്ല ദമ്പതികളുടെ മകളാണ് രണ്ട് വയസ്സുകാരിയായ ഷെല്ല. എട്ട് പക്ഷികള്‍, എട്ട് വാഹനങ്ങള്‍, പത്ത് ശരീര അവയവങ്ങള്‍, ആറ് തരം നിറങ്ങള്‍, നാല് രാജ്യങ്ങളുടെ ദേശീയ ചിഹ്നം എന്നിവ ഇഗ്ലീഷ് ഭാഷയില്‍ അനായാസം പറയാനും ആറ് മൃഗങ്ങളുടെ ശബ്ദം അനുകരിച്ചതിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. നേട്ടത്തിന്റെ അനുമോദന സര്‍ട്ടിഫിക്കറ്റും മെഡലും ഐഡന്റിറ്റി കാര്‍ഡും അധികൃതര്‍ അയച്ചു ഷെല്ലയ്ക്ക് നല്‍കി.

രണ്ടുവയസുകാര് ഷെല്ലയ്ക്ക് ചില കാര്യങ്ങള്‍ അനായാസമായി ഓര്‍ത്ത് വെക്കാന്‍ കഴിയുന്നുണ്ടെന്ന് മാതാവ് ഫസ്ല നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തിരക്കിനിടയില്‍ ഒഴിവുസമയം കണ്ടെത്തി ഫസ്ലയും ഫായിസും ഷെല്ലയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സമയം കണ്ടെത്തി. എല്ലാ ദിവസവും പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാനും ശ്രമിച്ചു. ലോക്ഡൗണ്‍ കാലത്ത് മകള്‍ക്കായി കൂടുതല്‍ സമയം മാറ്റിവയ്ക്കാനും ഈ മാതാപിതാക്കള്‍ ശ്രദ്ധിച്ചു. മകളുടെ ഓര്‍മശക്തി കണ്ടെത്തി അവള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്ന സമയത്താണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് 2021 ഫസ്ലയുടെ ശ്രദ്ധയില്‍പെട്ടത്. കൊവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ വഴി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് അധികൃതരുമായി ബന്ധപ്പെട്ടു. കുഞ്ഞുഷെല്ലയുടെ ഓര്‍മശക്തി തെളിയിക്കുന്ന വിഡിയോകള്‍ തയ്യാറാക്കി അയച്ചുകൊടുത്തു. രണ്ട് വയസ് മാത്രം പ്രായമായ ഷെല്ലയുടെ വിഡിയോകള്‍ തയ്യാറാക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു എന്ന് ഫസ്ല പറയുന്നു. എന്നാല്‍ ഈ നേട്ടം മകളുടെ ജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും ഷെല്ലയുടെ മാതാപിതാക്കള്‍ പറഞ്ഞു.