സൈബർ വിഭാഗത്തിന്‍റെ കൂടി സഹായത്തോടെയാണ് അന്വേഷണം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും ഐ.ടി വകുപ്പ് ചുമത്തുന്നതിലും അറസ്റ്റിലും തീരുമാനമെടുക്കുക
യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. സൈബർ വിഭാഗത്തിന്‍റെ കൂടി സഹായത്തോടെയാണ് അന്വേഷണം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും ഐ.ടി വകുപ്പ് ചുമത്തുന്നതിലും അറസ്റ്റിലും തീരുമാനമെടുക്കുക. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിജയ് പി. നായർ എന്നയാള്‍ സ്ത്രീകളെ ആക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്തത്. സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഡി.ജി.പിക്കും സിറ്റി പൊലീസ് കമ്മീഷ്ണർക്കും നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് ഐ.പി.സി 509 പ്രകാരം കേസെടുത്തത്.
സംഭവം തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് ഇവിടേക്ക് മാറ്റി. വീഡിയോയിലെ ഉള്ളടക്കം സംബന്ധിച്ചുള്ള വ്യക്തതയാണ് ഇപ്പോൾ പൊലീസ് പരിശോധിക്കുന്നത്. സൈബർ വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്. ഇതിന് ശേഷമാകും ഐ.ടി വകുപ്പ് ചേർക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. വിജയ് പി. നായർക്കെതിരെ ഈ കേസിൽ ജാമ്യമില്ല വകുപ്പ് ചുമത്താത്തതിൽ വിമർശനം ഉയർന്നിരുന്നു. വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കേസ് തമ്പാനൂർ പൊലീസ് അന്വേഷിക്കുന്നത്.
സംവിധായകൻ ശാന്തിവിള ദിനേശനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ഭാഗ്യക്ഷ്മിയുടെ പരാതിയിൽ IPC 354 A 506 509 ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടുന്ന വകുപ്പുകളാണിത്. ഈ കേസിലും വീഡിയോ വിശദമായി പരിശോധിച്ച ശേഷമാകും പോലീസ് അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുക.