Kerala

പാലക്കാട് ജില്ലയില്‍ മന്ത്രി എ.കെ ബാലനടക്കം നാല് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സി.പി.എം സീറ്റ് നല്‍കിയേക്കില്ല

പാലക്കാട് ജില്ലയില്‍ നാല് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സി.പി.എം ഇത്തവണ സീറ്റ് നല്‍കിയേക്കില്ല. മന്ത്രി എ.കെ ബാലനും സീറ്റ് ലഭിക്കാനിടയില്ല. മലമ്പുഴ മണ്ഡലത്തില്‍ സംസ്ഥാന നേതാക്കളില്‍ ഒരാളെ പരിഗണിക്കാനാണ് സാധ്യത.

തരൂര്‍ മണ്ഡലം നിലവില്‍ വന്ന 2011 മുതല്‍ എ.കെ ബാലനാണ് ഇവിടുത്തെ എം.എല്‍.എ. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഡ്വക്കറ്റ് കെ. ശാന്തകുമാരിയെ തരൂരില്‍ നിന്നും മത്സരിപ്പിക്കനാണ് ആലോചന.

സംവരണ മണ്ഡലമായ കോങ്ങാടും ഇത്തവണ മാറ്റം ഉണ്ടായേക്കും. 2 തവണ മത്സരിച്ച് വിജയിച്ച കെ.വി വിജയദാസിനും ഇത്തവണ സീറ്റ് ലഭിക്കാനിടയില്ല. മുന്‍ എം.പിയും , പട്ടികജാതി കമ്മീഷന്‍ അംഗവുമായ അജയകുമാറിനാണ് സാധ്യത. ഡി.വൈ.എഫ്.ഐ ദേശീയ നേതാവ് നിഥിന്‍ കണിച്ചേരിയെ പാലക്കാട് മത്സരിപ്പിക്കാനാണ് ആലോചന.

പാര്‍ട്ടി ഇത്തവണയും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് സംസ്ഥാന കമ്മറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ് പറത്തു.

ഒറ്റപ്പാലം എം.എല്‍.എ പി.ഉണ്ണിക്കും ഇത്തവണ സീറ്റ് ലഭിക്കില്ല. ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ എം രംതീഷ് , കെ.ജയദേവന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. വി.എസ് അച്യുതാനന്ദന്‍ മത്സരിച്ച മലമ്പുഴയില്‍ സംസ്ഥാന തലത്തിലെ പ്രധാന നേതാക്കളില്‍ ഒരാള്‍ മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. തൃത്താല മണ്ഡലത്തില്‍ എം.ബി രാജേഷ് മത്സരിക്കുമെന്നും സൂചനയുണ്ട്.