India Kerala

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൈക്കൂലി വാങ്ങി ഡോക്ടര്‍മാര്‍

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൈക്കൂലി വാങ്ങി ഡോക്ടര്‍മാര്‍ . കൈക്കൂലി നല്‍കാന്‍ തയ്യാറാവാതിരുന്നതോടെ ചികിത്സ നീണ്ടത് മൂന്ന് മാസത്തോളം .കൈക്കൂലി നല്‍‍കുന്ന ദൃശ്യങ്ങള്‍‌ പകര്‍ത്തി ഡോക്ടര്‍മാര്‍ക്കെതിരെ രോഗിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

കാസര്‍‌കോട് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിദഗ്ദനും, സര്‍ജനും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് രോഗിയുടെ ബന്ധുക്കള്‍ പകര്‍ത്തിയത്. കൈക്കൂലി നല്‍കാതെ ചികിത്സ നടക്കില്ലെന്നുറപ്പായതോടെയാണ് ഇവര്‍ കൈക്കൂലി നല്‍കാന്‍‌ നിര്‍ബന്ധിതരായത്. മൂന്ന് മാസം മുന്‍പാണ് ചികിത്സ തേടി ജനറല്‍ ആശുപത്രിയിലെത്തിയത്. കൈക്കൂലി നല്‍കാത്തത് കൊണ്ട് ഡോക്ടര്‍മാര്‍ ചികിത്സ വൈകിച്ചുവെന്നും രോഗിക്ക് വേണ്ട ഓപ്പറേഷന്‍ നടത്തിയത് ഇക്കഴി‍ഞ്ഞ ദിവസമാണെന്നും ഡോക്ടര്‍മാര്‍ക്കെതിരെ വിജിലന്‍സിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ സ്വകാര്യ ക്ലിനിക്കിലും ജനറല്‍ ആശുപത്രിയിലെ സ്ലിപ്പില്‍ തന്നെയാണ് മരുന്നുകള്‍ കുറിച്ച് നല്‍കുന്നതെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട് . ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഡോക്ടര്‍മാര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.