Kerala

പരിസ്ഥിതി ലോല മേഖലകളില്‍, ഒരു കിലോമീറ്റര്‍ ചുറ്റളവിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് കേരളം

ഇത്തരത്തില്‍ എത്ര മേഖലകള്‍ ഉള്‍പ്പെടുന്നുവെന്നറിയാനായി പരിശോധന നടത്താന്‍ വനംമന്ത്രി നിര്‍ദേശം നല്‍കി. നിര്‍ദിഷ്ട പരിധിയില്‍ ടൌണ്‍ഷിപ്പുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും വനംമന്ത്രി പറഞ്ഞു.

വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല സംബന്ധിച്ച ശുപാര്‍ശയില്‍ നിര്‍ണായക തിരുത്തുമായി കേരളം. ഒരു കിലോമീറ്റര്‍ പരിധിയ്ക്കുള്ളില്‍ ജനവാസ മേഖലകള്‍ ഉണ്ടെങ്കില്‍ അവയെ കൂടി ഒഴിവാ‌ക്കണമെന്ന നിലപാട് കൂടി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സംസ്ഥാനം വെയ്ക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ഉന്നതതല യോഗം വിളിച്ചതായി വനംമന്ത്രി കെ. രാജു മീഡിയവണിനോട് പറഞ്ഞു.

സംരക്ഷിത വനാതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ എന്നതായിരുന്നു പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര നിര്‍ദേശം. ജനസാന്ദ്രത പരിഗണിച്ച് അത് ഒരു കിലോമീറ്റര്‍ വരെയായി ചുരുക്കണമെന്നായിരുന്നു കേരളത്തിന്‍റെ ശുപാര്‍ശ. എന്നാല്‍ ആകാശദൂരമായി പരിഗണിക്കുമ്പോള്‍ അത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍ രംഗത്ത് വന്നു. പ്രതിഷേധവും തുടങ്ങി. ഈ സാഹചര്യത്തിലാണ് പുനരാലോചിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഈ പരിധിയിലെ ടൌണ്‍ഷിപ്പുകളെ കൂടി ഒഴിവാക്കണമെ‌ന്ന പുതിയ ശുപാര്‍ശ കൂടി നല്‍കാനാണ് നീക്കം. ഇതിനായി വനംമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ആഴ്ച വിളിച്ചു.

23 വന്യജീവി സങ്കേതങ്ങള്‍ക്കായി 23 വിജ്ഞാപനമാണ് കേരളം സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഓരോന്നും പ്രത്യേകം പരിശോധിച്ച് പുതിയ ശുപാര്‍ശ സമര്‍പ്പിക്കും.