India Kerala

വനിതാ ജയിലിലെ തടവുകാരികൾ രക്ഷപ്പെട്ടത് നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിൽ

അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരികൾ രക്ഷപ്പെട്ടത് നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിൽ. ജയിൽ ചാട്ടത്തെക്കുറിച്ച് ജയിലിലെ മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ജയിൽ ചാടുന്നതിന് മുമ്പ് ശിൽപയെന്ന തടവുകാരി ഒരാളെ ഫോൺ ചെയ്തിരുന്നു. ജയില്‍ ചാടിയ തടവുപുള്ളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയിൽ ഡി.ഐ.ജി സന്തോഷ് അന്വേഷിക്കും.

ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരികളാണ് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിൽ ചാടിയത്. കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറി മതിൽ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. രണ്ട് പേരും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ്. നാലര മണിക്കു ശേഷം ഇവരെ കാണാനില്ലന്ന് സഹതടവുകാർ പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. ജയിലിനുള്ളിൽ പ്രതികൾ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി. ജയിൽ മേധാവി ഋഷിരാജ് സിംഗ് സ്ഥലത്തെത്തിയിരുന്നു.

ഇതിനിടയിൽ മുരിങ്ങ മരത്തിൽ കയറി തടവുകാരികൾ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. മതിൽ ചാടി ഇരുവരും ഓട്ടോയിൽ കയറി പോവുന്നത് സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീകൾ ജയിൽ ചാടുന്നത്.