സ്കൂൾ തുറക്കുന്നതിന് കാര്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് ഐഎംഎ. അധ്യാപകരേയും അനധ്യാപകരും സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരും വാക്സിൻ എടുത്തിരിക്കണം. അത് പോലെ തന്നെ കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും നിർബന്ധമായും വാക്സിനെടുത്തിരിക്കണമെന്ന നിബന്ധന അത്യാവശ്യമെന്ന ഐ.എം.എ. ഓരോ ക്ലാസ്സിലും ഒരു ബെഞ്ചിൽ രണ്ട് കുട്ടികളിൽ കൂടുതൽ ഇരിക്കാൻ പാടില്ല. ക്ലാസുകളിൽ കുട്ടികൾ സാമൂഹിക അകലം പാലിച്ച് ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണം. ക്ലാസുകൾ വിഭജിച്ച് പഠനം നടത്തണം. ഇതിനായി ഹൈബ്രിഡ് സംവിധാനം ഉപയോഗപ്പെടുത്തണം. ക്ലാസുകൾക്കിടയിലുള്ള ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്കൂളുകളിൽ വച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ വേണ്ടെന്നും ഐ.എം.എ നിർദേശിച്ചു.
അതേസമയം, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിനായി നിർദേശം നല്കാൻ കഴിയില്ലെന്ന് സുപ്രിം കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും സുപ്രിം കോടതി നിർദേശിച്ചു.
തീരുമാനങ്ങളെടുക്കുമ്പോൾ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും കോടതി മുന്നറിയിപ്പ് നൽകി. പല സംസ്ഥാനങ്ങളിലും ഗുരുതര കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്കൂളുകൾ തുറക്കുമ്പോൾ കൂടുതൽ ശ്രദ്ധ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട കോടതി കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങൾ കാണുന്നില്ലേയെന്നും ഹർജിക്കാരനോട് ചോദിച്ചു.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിർദേശം. സ്കൂൾ തുറക്കുന്നതിൽ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയാണ് സുപ്രിം കോടതിയെ സമീപിച്ചത്.