മലപ്പുറത്ത് അനധികൃത പാമ്പു പ്രദർശനം നടത്തിയവര്‍ക്കെതിരെ ഫോറസ്റ്റ് നടപടി. പാമ്പുകളെയും പ്രചാരക വസ്തുക്കളേയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പാമ്പുകളുമായെത്തിയയാള്‍ രക്ഷപ്പെട്ടു. കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പട്ടിക്കാട് നിന്നാണ് പാമ്പുകളെ പിടിച്ചെടുത്തത്.
ഉഗ്രവിഷമുള്ള 28 പാമ്പുകളും മുപ്പതോളം മുട്ടകളുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പട്ടിക്കാട് ജാമിഅ നൂരിയ കോളേജിന്റെ സമ്മേളന നഗരിയിലായിരുന്നു പ്രദർശനം. മലപ്പുറം ഹംസ എന്നയാളാണ് പാമ്പു പ്രദർശനം നടത്തിയിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഇയാൾ പിടി കൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. 13 മൂർഖൻ, 2 പെരുമ്പാമ്പ്, 1 ചേര, 5 മണ്ണൂലി, 2 അണലി, 3 കാട്ടുപാമ്പ്, 1 വൂൾഫ് സ്നേക്, 1 വില്ലൂന്നി, മുപ്പതോളം മുട്ടകൾ എന്നിവയാണ് കണ്ടെടുത്തത്. മുട്ടകളുടെ തോടുകളും വ്യാജ മുട്ടയായി പ്രദർശിപ്പിച്ചിരുന്നു.
വന്യ ജീവികളെ വേട്ടയാടൽ, പീഡിപ്പിക്കൽ, കൈവശം വെക്കൽ തുടങ്ങിയിട്ടുള്ള കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരത്തെ പാമ്പു പ്രദർശനം നടത്തിയിരുന്നതായി കണ്ടെത്തി. തൊണ്ടി വസ്തുക്കളും പാമ്പുകളെയും കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഉൾക്കാട്ടിൽ അഴിച്ചുവിടുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു