ടൂറിസത്തിന്റെ മറവില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് കുമരകത്ത് അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം. ബി.ടി.ആറില്‍ നിലമെന്ന് രേഖപ്പെടുത്തിയ സ്ഥലം സ്വകാര്യ വ്യക്തി നികത്തി റിസോര്‍ട്ട് നിര്‍മ്മാണം നടത്തുകയാണ്. അനധികൃതമായി പഞ്ചായത്ത് നല്‍കിയ കെട്ടിട പെര്‍മിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ജില്ലാ ഭരണകൂടം ഒരു നടപടിയും എടുത്തിട്ടില്ല. മീഡിയവണ്‍ എക്സ്‍ക്ലൂസീവ്.
നാല് വര്‍ഷം മുന്‍പാണ് കുമരകം ആറ്റാമംഗലം പള്ളിക്ക് എതിര്‍വശത്തായി കണ്ണാത്താറിന്റെ തീരത്തെ 50 സെന്റ് വരുന്ന നിലം നികത്തി റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ കെ.ടി തോമസ് എന്ന വ്യക്തിയുടെ അര്‍ക്കാഡിയ ഗ്രൂപ്പ് നീക്കം ആരംഭിച്ചത്. നിലം നികത്തില്‍ കണ്ടെത്തിയതോടെ വില്ലേജ് ഓഫീസര്‍ ഇതിന് സ്റ്റോപ്പ് മെമ്മോയും നല്‍കി. കോടതിയില്‍ നിന്ന് അനുമതി വാങ്ങാന്‍ തുടര്‍ന്ന് ഇവര്‍ ശ്രമിച്ചെങ്കിലും പഞ്ചായത്ത് സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ യാതൊരു പരിശോധനയും ഇല്ലാതെ പഞ്ചായത്ത് സെക്രട്ടറി റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി നല്‍കുകയായിരുന്നു. ബേസിക് ടാക്സ് രജിസ്റ്ററില്‍ പോലും നിലമായിട്ടാണ് ഈ സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യം നല്‍കിയ അനുമതിയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കുമരകം പഞ്ചായത്ത് അടുത്ത കാലത്ത് നിര്‍മ്മാണ അനുമതി പുതുക്കി നല്‍കിയിട്ടുമുണ്ട്. 2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് റിസോര്‍ട്ട് നിര്‍മ്മാണമെന്ന് വില്ലേജ് ഓഫീസര്‍ പരിശോധന നടത്തി സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.