India Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചേ തീരൂ: കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നെന്ന് സുപ്രീംകോടതി

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റണമെന്ന ഉത്തരവിന്മേല്‍ കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നെന്ന് സുപ്രീംകോടതി. ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ തള്ളികൊണ്ടാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഫ്ലാറ്റുകള്‍ പൊളിച്ചേ തീരൂ. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം തുടര്‍ന്നാല്‍ അഭിഭാഷകര്‍ നടപടി നേരിടേണ്ടിവരും എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ലാറ്റുടമകള്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ മുന്നിലെത്തിയതോടെ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍‌. ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനര്‍ജിയോട് ജസ്റ്റിസ് മിശ്ര പൊട്ടിത്തെറിച്ചു. കൊൽക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാൻ ആണോ കല്യാൺ ബാനർജിയെ കേസില്‍ ഹാജറാക്കിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമം. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാം. പരിഗണിക്കാൻ ഒന്നിലധികം തവണ കോടതി വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചു. ഇത് ധാർമ്മികതയ്ക്ക് നിരക്കാത്തതാണ്. പണം ലഭിച്ചാൽ അഭിഭാഷകർക്ക് എല്ലാം ആയോ എന്നും പണം മാത്രം മതിയോ എന്നും കോടതി ചോദിച്ചു. ഇത്തരം നീക്കങ്ങള്‍ ആവർത്തിച്ചാൽ മുതിര്‍ന്ന അഭിഭാഷകർക്ക് എതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

ഇനി ഒരു കോടതിയും ഈ വിഷയത്തിലെ ഹർജികൾ പരിഗണിക്കരുതെന്നും ഇന്നത്തെ ഉത്തരവിലുണ്ട്. മരടിലെ ഹോളി ഫെയ്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.