ചട്ടങ്ങള്‍ ലംഘിച്ച് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിയമനങ്ങള്‍ നടത്താന്‍ നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും കേന്ദ്ര മാനവവിഭവശേഷി ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ചട്ടങ്ങളും മറികടന്നാണ് വിജ്ഞാപനം. ഏഴ് അധ്യാപകേതര തസ്തികകളില്‍ നിയമനം നടത്താനാണ് വിജ്ഞാപനം ഇറക്കിയത്.
അസിസ്റ്റന്‍റ് എഞ്ചിനിയര്‍ സിവില്‍, സെക്യൂരിറ്റി ഓഫീസര്‍, പ്രൈവറ്റ് സെക്രട്ടറി, നഴ്സിങ് ഓഫീസര്‍, പേഴ്സണല്‍ അസിസ്റ്റന്‍റ്, ഹിന്ദി ട്രാന്‍സിലേറ്റര്‍, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് കമ്പ്യൂട്ടര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഇത് സംബന്ധിച്ച് വൈസ് ചാന്‍സിലര്‍ ഡോ. ജി ഗോപകുമാര്‍ മെയ് 10നാണ് വിജ്ഞാപനമിറക്കിയത്. ആഗസ്റ്റ് ആറിന് വിരമിക്കുന്ന ഡോ. ജി ഗോപകുമാര്‍ നിയമനം നടത്തുന്നത് കേന്ദ്ര മാനവവിഭവ ശേഷി ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. 2017 ഡിസംബറില്‍ കേന്ദ്ര മാനവശേഷി വികസന അണ്ടര്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് പ്രകാരം വിരമിക്കല്‍ കാലാവധി മൂന്ന് മാസമില്ലാത്ത വിസിമാര്‍ നിയമനം നടത്താന്‍ പാടില്ല. ഇത് മറികടന്നാണ് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിയമന വിജ്ഞാപനമിറക്കിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലിരിക്കെ ഏപ്രില്‍ 29ന് രണ്ട് അധ്യാപകര്‍ക്ക് പ്രൊഫസര്‍മാരായി സ്ഥാനക്കയറ്റം നല്‍കിയതും ചട്ടവിരുദ്ധമാണ്. കേരള കേന്ദ്രസര്‍വ്വകലാശാല നിയമനം സംബന്ധിച്ച് നേരത്തെ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കിടയിലാണ് വീണ്ടും വിസിയുടെ ചട്ടലംഘനം.